പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല: ലോകായുക്ത

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിന്റെ വിചാരണയ്ക്കിടെ പരാതിക്കാരനെ 'പേപ്പട്ടി' എന്നു വിളിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ലോകായുക്ത. ദുരാതാശ്വാസനിധി കേസിലെ പരാതിക്കാരാനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാറിനെ പേപ്പട്ടി എന്നു വിളിച്ചു ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്ന് ലോകായുക്ത പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോകായുക്ത പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചിട്ടില്ല. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി ലോകായുക്തയുടെ ശിരസ്സില്‍ അണിയിച്ചതാണ്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടിയെന്നത് സത്യമാണ്. അതിനൊക്കെ മറുപടി പറയാത്തത് വിവേകം കൊണ്ടാണെന്നും പറഞ്ഞു. വിവേകപൂര്‍ണമായ പ്രതികരണത്തിന് ഉദാഹരണവും പറഞ്ഞു. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നതു കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നു ലോകായുക്ത ചൂണ്ടിക്കാട്ടി. ആശയം വിശദമാക്കാന്‍ ഒരു ഉദാഹരണം പറഞ്ഞതിനെ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു പറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ലോകായുക്ത വ്യക്തമാക്കി.
ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്താറിലാണ്. തലസ്ഥാനത്തെ ഔദ്യോഗിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരോടൊപ്പം വിശിഷ്ടാഥിതികളായി ക്ഷണം ലഭിച്ചതുകൊണ്ടാണ് പങ്കെടുത്തത്. ലോകായുക്തയ്‌ക്കൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍, അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍, പിന്നാക്ക വിഭാഗ കമ്മിഷന്‍ എന്നീ മുന്‍ ജഡ്ജിമാരും ഇഫ്താറില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്ന പ്രസ്താവന പച്ചക്കള്ളമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഡല്‍ഹിയില്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, നിയമമന്ത്രി, അറ്റോര്‍ണി ജനറല്‍ തുടങ്ങിവരും സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരും വിശേഷാവസരങ്ങളില്‍ നടത്തുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ പങ്കെടുക്കുന്ന പതിവുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷികളായിട്ടുള്ള കേസുകള്‍ കോടതിയില്‍ ഉണ്ടെന്നത് അതിനു തടസമായി ആരും കരുതിയിട്ടില്ല. ഒരു ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്താല്‍ സര്‍ക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്‌കാര രഹിതവുമാണ്. ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇതാദ്യമായാണ് ലോകായുക്ത ഒരുവിഷയത്തില്‍ വിശദീകരണം നല്‍കി വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത്.