LogoLoginKerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി

 
Lokayukta

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഈ ഉത്തരവ് ചോദ്യംചെയ്യാനേ പാടില്ലായിരുന്നുവെന്ന് ഉപലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കും.

കേസിന്റെ സാധുത ഇനി പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട്‌ കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത സിറിയക്‌ ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും തള്ളിയത്. 

ഇതൊരു ചരിത്ര റിവ്യു ഹർജിയാണെന്ന് ഉപലോകായുക്ത പരിഹസിച്ചു. പരാതിക്കാരന്റെ വാദങ്ങൾ ദുർബലവും അടിസ്ഥാനമില്ലാത്തതുമാണെന്നും പറഞ്ഞു. പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല തങ്ങളെന്നും അവർ ഓർമ്മിപ്പിച്ചു.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിന്റെ നിയമ സാധുത
നേരത്തെ പരിഗണിച്ചതാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. അത് അറിയാമെന്ന് ലോകായുക്ത പറഞ്ഞു. എന്നാൽ ഉത്തരവിൽ പറയുന്നില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. 2018ൽ ഭിന്നവിധി ഉണ്ടായപ്പോൾ നിങ്ങൾ എതിർത്തില്ല. ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ട്? ഉത്തരം പറയണമെന്ന് ഹർജിക്കാരനോട് ലോകായുക്ത പറഞ്ഞു. രണ്ടംഗ ബെഞ്ച് ആദ്യം സാധുത പരിശോധിച്ചത് കേസ് പരിഗണിക്കാനാവുമോയെന്ന കാര്യത്തിലാണ്. അന്ന് ആരുടേയും വാദം കേട്ടിരുന്നില്ല. അതൊരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രിസഭ തീരുമാനം ലോകായുക്ത പരിധിയില്‍ വരുന്നതല്ലെന്നു വാദം നടക്കുമ്പോള്‍ എതിര്‍കക്ഷികള്‍ ഉന്നയിച്ചു. അക്കാര്യത്തില്‍ രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. അത് കൊണ്ടാണ് മൂന്നംഗ ബെഞ്ചിനു വിട്ടത്. ഇക്കാര്യത്തില്‍ നിയമപരമായി വ്യക്തതയുണ്ടെന്നും ലോകായുക്ത വിശദീകരിച്ചു.
ഹർജി ഫുൾബെഞ്ചിന് വിട്ടത് ചട്ടപ്രകാരമാണ്. അവിടെ വിശദമായി വാദം കേൾക്കും. മൂന്നാമത്തെ ജഡ്ജിക്കൊപ്പം കേൾക്കുമ്പോൾ തന്റെ ഇപ്പോഴത്തെ നിലപാട് മാറാമല്ലോയെന്ന് ലോകായുക്ത പറഞ്ഞു.  
കേസ്‌ മൂന്നംഗ ഫുൾ ബെഞ്ചിന്‌ വിട്ടതിനെതിരെ ഹർജിക്കാരൻ ചാനൽ ചർച്ചകളിൽ പങ്കെടുത്ത്‌ ലോകായുക്ത സംവിധാനത്തിനും ജഡ്‌ജിമാർക്കുമെതിരെ മോശമായി സംസാരിച്ചതിനെ ലോകായുക്ത ഇന്നലെ രൂക്ഷമായി വിമശിച്ചിരുന്നു. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത്‌ ഹർജിക്കാരൻ കണ്ടിട്ടുണ്ടോയെന്ന്‌ ലോകായുക്ത സിറിയക്‌ ജോസഫ്‌, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ്‌ എന്നിവർ തുറന്നു ചോദിച്ചു. തെളിവുണ്ടെങ്കിൽ ഹാജരാക്കാനും ആവശ്യപ്പെട്ടു. പേപ്പട്ടി വഴിയിൽനിന്ന്‌ കുരയ്‌ക്കുമ്പോൾ വായിൽ കോലിട്ട്‌ കുത്താൻ നിൽക്കാതെ മാറിപ്പോകുന്നതാണ്‌ നല്ലതെന്നു കരുതി കൂടുതൽ പറയുന്നില്ലെന്നും ലോകായുക്ത പറഞ്ഞു.