LogoLoginKerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ

 
Ldf udf
തിരുവനന്തപുരം- സംസ്ഥാനത്ത് 19 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ. ഒന്‍പതിടത്ത് എല്‍ഡിഎഫും ഒന്‍പതിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്. നാലു വാര്‍ഡുകള്‍ എല്‍ഡിഎഫും മൂന്നു വാര്‍ഡുകള്‍ യുഡിഎഫും പിടിച്ചെടുത്തു.
എറണാകുളം നെല്ലിക്കുഴി, കോട്ടയം പൂഞ്ഞാര്‍ പെരുന്നിലം, കോഴിക്കോട് പുതുപ്പാട് കണലാട്്, അഞ്ചല്‍ തഴമേല്‍,പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പത്തനംതിട്ട മൈലപ്ര 5-ാം വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് സി പി ഐയില്‍ നിന്ന് ബി ജെ പി പിടിച്ചു.
നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂര്‍ തുളുശ്ശേരികവല ആറാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ സി ഗോവിന്ദ് ആണ് വിജയിച്ചത് . പട്ടികജാതി സംവരണ വാര്‍ഡായ ആറാം വാര്‍ഡില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എന്‍ഡിഎയിലെ ഉണ്ണികൃഷ്ണന്‍ മാങ്ങോടിനെ 99 വോട്ടിനാണ് അരുണ്‍ സി ഗോവിന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി വിജിത്ത് വിജയന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ബിജെപി അംഗം മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 13,യുഡിഎഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. 80.20 ശതമാനം പോളിംഗാണ് നടന്നത്. 1398 പേര്‍ ആകെ വോട്ട് ചെയ്തു.എല്‍ഡിഎഫ് 640, ബിജെപി 541, യുഡിഫ് 212 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.
ആലപ്പുഴ ചേര്‍ത്തല നഗരസഭ വാര്‍ഡ് 11ല്‍ ഇടതു സ്വതന്ത്രന്‍ എ.അജി 310 വോട്ടിന് വിജയിച്ചു. അജിയ്ക്ക് 588, ബിജെപി സ്ഥാനാര്‍ഥി പ്രേം കൂമാര്‍ കാര്‍ത്തികേയന് 278 , യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്‍. രൂപേഷിന് 173 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്. എ.അജി 310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ അജിത് രവീന്ദ്രന്‍ 203 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അജിത് രവീന്ദ്രന് 1228 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ആര്‍.ലാലന്‍ 1025 വോട്ടുകള്‍ നേടി. സിപിഎമ്മിലെ ടി.പി.റിനോയിയുടെ മരണത്തെ തുടര്‍ന്നാണു ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കിളിമാനൂരിനു സമീപം പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കാനറ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എ.അപര്‍ണ 12 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എതിരാളിയായ സിപിഎമ്മിലെ വി.എല്‍.രേവതി 548 വോട്ട് നേടിയപ്പോള്‍ അപര്‍ണയ്ക്ക് 560 വോട്ടാണു ലഭിച്ചത്. പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ എസ്.ശ്രീലതയുടെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020ല്‍ ശ്രീലതയുടെ വിജയം 6 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.
കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് രണ്ടു സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയിക്കാനായി. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ജനപക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. കോട്ടയം നഗരസഭയില്‍ സീറ്റ് നിലനിര്‍ത്തിയതോടെ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കു ഇതോടെ താല്‍ക്കാലിക പരിഹാരമായി. പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം വാര്‍ഡില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന്‍ 12 വോട്ടിന് ജയിച്ചു. ബിന്ദു അശോകന് 264ഉം കോണ്‍ഗ്രസിലെ മഞ്ജു ജയ്‌മോന് 252 വോട്ടും ലഭിച്ചു. പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥി ശാന്തി ജോസിന് 239 വോട്ടു മാത്രമാണു ലഭിച്ചത്.
കോട്ടയം നഗരസഭ പുത്തന്‍തോട് വാര്‍ഡില്‍ യുഡിഎഫിലെ സൂസന്‍ കെ.സേവ്യര്‍ 75 വോട്ടുകള്‍ക്കു വിജയിച്ചു. എല്‍ഡിഎഫിലെ സുകന്യ സന്തോഷ് 521ഉം ബിജെപിയിലെ ആന്‍സി സ്റ്റീഫന്‍ 312 വോട്ടു നേടി. നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമാണുള്ളത്. മണിമല പഞ്ചായത്ത് മുക്കട വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജ ബാബു യുഡിഎഫിന്റെ പ്രയ്‌സ് ജോസഫ് ഏബ്രഹാമിനെ 127 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി.
പാലക്കാട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തില്‍ യുഡിഎഫും ഒന്നില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. മുതലമടപഞ്ചായത്തിലെ പറയംമ്പള്ളം, കരിമ്പയിലെ കപ്പടം പെരിങ്ങോട്ട് കുറുശി പഞ്ചായത്തിലെ ബമ്മണ്ണൂര്‍ വാര്‍ഡിലുമാണ് യുഡിഎഫ് വിജയിച്ചത്. മുതലമടയില്‍ കഴിഞ്ഞതവണ സിപിഎം വിജയിച്ച സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ലക്കിടി-പേരൂരില്‍ അകലൂര്‍ ഈസ്റ്റ് വാര്‍ഡ് എല്‍ഡിഫ് നിലനിര്‍ത്തി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ കല്ലമല വാര്‍ഡ് സിപിഐയില്‍ നിന്ന് പിടിച്ചെടുത്താണ് ബിജെപിയുടെ അട്ടിമറി വിജയം.
ലക്കിടി പേരൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡായ അകലൂര്‍ ഈസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വിജയിച്ചു. ടി. മണികണ്ഠന്‍ 237 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെ പി സ്ഥാനാര്‍ഥിയായ എം. വിശ്വനാഥന്‍ 331 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയായ യു.പി. രവിക്ക് 220 വോട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച കെ.ഗോവിന്ദന്‍കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.
മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വാര്‍ഡ് സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രന്‍ പിടിച്ചെടുത്തു. 124 വോട്ടിനാണ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രന്‍ ബി.മണികണ്ഠന്‍ വിജയിച്ചത്. കഴിഞ്ഞ തവണ സിപിഎം 4 വോട്ടിനു ജയിച്ച വാര്‍ഡാണ്. ബിജെപിക്കായിരുന്നു അന്നു രണ്ടാം സ്ഥാനം. സിപിഎം പ്രതിനിധി പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജിവച്ചു. യുഡിഎഫ് പിന്തുണ സ്വത: ബി.മണികണ്ഠന്‍ 723 എല്‍ഡിഎഫ്: എ.മുഹമ്മദ് മൂസ : 599 എന്‍ഡിഎ പി.ഹരിദാസ്: 69.
കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന കക്കോണി വാര്‍ഡില്‍ യുഡിഎഫിനു വിജയം. എല്‍ഡിഎഫില്‍നിന്നും വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യു.രാമചന്ദ്രന്‍ 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിന്റെ യു.രാമചന്ദ്രന് 589 വോട്ടും എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥി സി. കരുണാകരന് 509 വോട്ടും ലഭിച്ചു. സിപിഎം അംഗമായിരുന്ന ക കൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം ജയിച്ചത്. ഈ വാര്‍ഡില്‍ യുഡിഎഫ് വിജയച്ചതോടെ സിപിഎം ഭരിക്കുന്ന ചെറുതാഴം പഞ്ചായത്തില്‍ ഏക പ്രതിപക്ഷ പ്രതിനിധിയായി.
പത്തനംതിട്ട മൈലപ്ര 5-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ ജെസ്സി വര്‍ഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്. ജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ്- 6, എല്‍ഡിഎഫ- 5, ബിജെപി-1, സ്വതന്ത്രന്‍-1 എന്ന നിലയിലായി. യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച ആളാണു സ്വതന്ത്രന്‍.
കൊല്ലം അഞ്ചല്‍ തഴമേല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സോമരാജന്‍ 264 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി 372 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി 262 വോട്ടുകളുമാണ് നേടിയത്.
സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പില്‍ 76.51 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 11,457 പുരുഷന്മാരും 13,047 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24,504 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഒന്‍പത് ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.