നാടിനെ കണ്ണീരിലാഴ്ത്തി വന്ദന വിടചൊല്ലി
കോട്ടയം- സംവിധാനത്തിന്റെ വീഴ്ചയ്ക്ക് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന വന്ദനാ ദാസ്, പ്രിയ മാതാപിതാക്കളെ തനിച്ചാക്കി യാത്രയായി. മുട്ടുചിറ പട്ടാളമുക്ക് കളിപ്പറമ്പിലെ വീട് ദുഖത്തില്‍ മരവിച്ചു നില്‍മ്പോള്‍ വന്ദനയുടെ വലിയ സ്വപ്‌നങ്ങള്‍ ഒരുപിടി ചാരമായി മാറി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ ഭൗതികദേഹം ആയിരക്കണക്ക് ആളുകളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വീട്ടില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.
വന്ദനയുടെ അച്ഛനും അമ്മയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യ ചുംബനം നല്‍കി മകളെ യാത്രയാക്കി. ചിതയില്‍ വച്ച മകളുടെ ദേഹത്ത് വീണു കിടന്നുള്ള പെറ്റമ്മയുടെ വിടചൊല്ലല്‍ അവിടെ കൂടിനിന്നവരെയെല്ലാ കണ്ണീരണിയിച്ചു. 2.40 ഓടെ വന്ദനയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.
വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്. രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ ജനബാഹുല്യം മൂലം നീണ്ടുപോയി.കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കര്‍ എന്‍. ഷംസീര്‍, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പി.കെ ശ്രീമതി, മറ്റ് ജനപ്രതിനിധികള്‍, സഹപ്രവര്‍ത്തകര്‍, അധ്യാപകര്‍, സഹപാഠികള്‍, കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മുന്നറിയിപ്പില്ലാതെയാണ് മന്ത്രി വീണാ ജോര്‍ജ് വന്ദനയ്ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ എത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ അവര്‍ മടങ്ങി. കുടുംബത്തിന്റെ ഏകമകളുടെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.
ഡോ. വന്ദനയുടെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയില്‍ വ്യാഴാഴ്ച പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വന്ദനയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ക്കുനേരേ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു. മുട്ടുചിറമുതല്‍ ജങ്ഷനില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പ്രത്യേകമായി പോലീസ് സംഘത്തെയും വിന്യസിച്ചു്. വീട്ടിലും ബാരിക്കേഡ് സംവിധാനമൊരുക്കി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്, വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.