അരിക്കൊമ്പന്‍ വേട്ടക്ക് എത്തിച്ച കുംകിയാനകളെ 301 കോളനിയിലേക്ക് മാറ്റി

ഇടുക്കി ചിന്നക്കനാല്‍ ശാന്തമ്പാറ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന അക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കുംകിയാനകളെ വനം വകുപ്പ് 301 കോളനിയിലേക്ക് മാറ്റി. സിമന്റ് പാലത്ത് ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതും കുങ്കിയാനകളെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറിയതുമാണ് കുങ്കി താവളം മാറ്റാന്‍ കാരണം.
കഴിഞ്ഞ ഇരുപത്തിയഞ്ചിനാണ് അരിക്കൊമ്പന് മയക്ക് വെടി വയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നേ തന്നെ അരിക്കൊമ്പനെ പിടികൂടാനുള്ള നാല് കുംകിയാനകളെ ഇവിടെ എത്തിച്ചിരുന്നു. കുംഗിയാനകളും ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരും ചിന്നക്കനാല്‍ സിമന്റ് പാലത്തെ ക്യാന്പിലുണ്ട്. സ്വകാര്യ എസ്റ്റേറ്റിനോടനുബന്ധിച്ചാണ് താല്‍ക്കാലിക ക്യാമ്പൊരുക്കിയിരുന്നത്. അരിക്കൊമ്പന്‍ ദൗത്യം നീളുന്നത് എസ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതോടെയാണ് ക്യാംപ് മാറ്റാന്‍ വനം വകുപ്പ് തീരുമാനിച്ചത്. ആനകളെ കാണാന്‍ സന്ദര്‍ശകരേറിയതും ക്യാംപിന് സമീപം അരിക്കൊമ്പനുള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതും കാരണമായി.
സന്ദര്‍ശകരെത്താത്ത വിധം ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനി ഭാഗത്തേക്കാണ് ക്യാംപ് മാറ്റിയത്. അതേസമയം ദൗത്യം നീളുന്നത് വന്‍ സാമ്പത്തിക ബാധ്യതക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇതു വരെ പത്ത് ലക്ഷം രൂപ വനം വകുപ്പ് ചില വഴിച്ചെന്നാണ് വിവരം.