LogoLoginKerala

കെ പി സി സി ഓഫീസില്‍ കെ എസ് യു നേതാക്കളുടെ കൈയാങ്കളി

 
ksu

തിരുവനന്തപുരം- കെപിസിസി ആസ്ഥാനത്ത് കെഎസ് യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തമ്മിലടിച്ച് നേതാക്കള്‍. പ്രായപരിധി കഴിഞ്ഞവരെ ഭാരവാഹികളുടെ ലിസ്റ്റില്‍ നിന്ന് പുറത്താക്കണമെന്ന്  എ, ഐ ഗ്രൂപ്പുകള്‍ കടുത്ത നിലപാടെടുത്തതാണ് തര്‍ക്കത്തിനും കൈയാങ്കളിക്കും ഇടയാക്കിയത്.

വിവാഹം കഴിഞ്ഞവരും പ്രായപരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതില്‍ വിശാഖ് പത്തിയൂര്‍, എന്‍. അനന്തനാരായണന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.  മുഴുവന്‍ പേരെയും പുറത്താക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്‍എസ് യുഐ ആണെന്ന നിലപാടിലായിരുന്നു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍. ഇതിനു പിന്നാലെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കേണ്ട ചിലരുടെ പേരെടുത്തു പറഞ്ഞതോടെ ഭാരവാഹികള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. തമ്മിലടി തെരുവിലേക്കും നീണ്ടു. കെപിസിസി ഭാരവാഹികള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരത്തിനു ശേഷമാണ് കലഹം അവസാനിച്ചത്.

കെഎസ് യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പു തര്‍ക്കങ്ങള്‍ ശക്തമാണ്. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചും കെ.സി. വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി. സതീശന്‍ പക്ഷങ്ങള്‍ എതിര്‍വശത്തുമാണുള്ളത്. സംസ്ഥാന കെ.എസ്. യുവിന്റെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന വി.ടി. ബല്‍റാമിന്റെയും അഡ്വ. ജയന്തിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടിക ദേശീയ നേതൃത്വത്തിലേക്ക് എത്തിയപ്പോള്‍ കെ.സി. വേണുഗോപാലും വി.ഡി. സതീശനും ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഇഷ്ടക്കാരെ പട്ടികയില്‍ കുത്തിനിറച്ചുവെന്നും വിമര്‍ശനമുണ്ടായി. പട്ടികയില്‍ പ്രായപരിധി കഴിഞ്ഞ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിവാഹിതരായ ഏഴുപേര്‍ ഉണ്ടെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നു. ഇവര്‍ രാജിവെക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനകമ്മിറ്റിക്ക് ചുമതല ഏറ്റെടുക്കാനുള്ള അവസരം നല്‍കില്ലെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ നിലപാടെടുത്തു. കെ. സുധാകരന്‍ അന്നുതന്നെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും വിഷയത്തില്‍ പരാതി അറിയിച്ചിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ചുമതല ഏറ്റെടുക്കാനായി കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന്‍ തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെ കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ അലോഷി, സുധാകരനെ കാണാനും സംസാരിക്കാനും പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

എ, ഐ ഗ്രൂപ്പുകളും വിഷയത്തില്‍ തങ്ങളുടെ എതിര്‍പ്പ് അറിയിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ നല്‍കിയ പട്ടികയില്‍ പേരുണ്ടായിരുന്ന പലരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. നേരത്തെ 14 ജില്ലകളില്‍ 10 ജില്ലകളിലും എ ഗ്രൂപ്പ് പ്രതിനിധികളാണ് അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് അഞ്ചിലേക്ക് ചുരുങ്ങി. ഇതില്‍ എ ഗ്രൂപ്പിന് കനത്ത അമര്‍ഷമുണ്ട്. മാത്രമല്ല, രമേശ് ചെന്നിത്തല നല്‍കിയ പല പേരുകളും വെട്ടിപ്പോയി. പല ജില്ലാ അധ്യക്ഷസ്ഥാനത്തേക്കും കെ.സി. വേണുഗോപാലിന് താല്‍പര്യമുള്ളവര്‍ വന്നു എന്നുമാണ് ആരോപണം.