കനത്ത സുരക്ഷാ വലയത്തില്‍ കൊച്ചി നഗരം

കൊച്ചി- പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചിയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ. പോലീസിന് പുറമെ എസ് പി ജി ഭടന്‍മാരും പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങള്‍ ഇന്നലെ തന്നെ എസ് പി ജി നിയന്ത്രണത്തിലാണ്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കുന്ന ഓരോ വ്യക്തിയും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു. യുവം പരിപാടിയില്‍ 20,000 പേര്‍ക്കും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ 15,000 പേര്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ ഓരോരുത്തരുടെയും വ്യക്തിവിവരങ്ങളഠക്കം പോലീസ് ശേഖരിച്ച ശേഷമായിരിക്കും പങ്കെടുപ്പിക്കുകയെന്ന് സുരക്ഷാ അവലോകന യോഗത്തിന് ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബോംബ് സ്‌ക്വാഡ് മെറ്റല്‍ ഡിറ്റക്ടറടക്കമുള്ള സംവിധാനങ്ങളുമായി ഓരോരുത്തരെയും പരിശോധിച്ചാണ് കടത്തിവിടുക. മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും യുവം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കൈവശം വെക്കാന്‍ അനുവദിക്കുക. 2060 പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.
സി ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം സിറ്റി പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം ചുമതലകള്‍ നല്‍കണമെന്ന തീരുമാനമാണ് യോഗത്തില്‍ പ്രധാനമായും ഉണ്ടായത്. പ്രധാനമന്ത്രിക്ക് ഭീഷണിയുള്ളതായി കേന്ദ്ര ഇന്റലിന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.