LogoLoginKerala

കപ്പലില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നിന്റെ മൂല്യം 25,000 കോടി

ഡി ആര്‍ ഐയും എന്‍ ഐ എയും പ്രാഥമികാന്വേഷണം തുടങ്ങി
 
ncb drugg haul

കൊച്ചി- പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെറ്റാംഫെത്താമിന്‍ ലഹരിമരുന്നിന്റെ അളവെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണക്കാക്കുന്നത് 25,000 കോടി വിപണിമൂല്യം. 23 മണിക്കൂര്‍ നീണ്ട കണക്കെടുപ്പിനും  തരംതിരിക്കലിനുമൊടുവിലാണ് ലഹരിമരുന്നിന്റെ  വിപണിമൂല്യം എന്‍.സി.ബി സ്ഥിരീകരിച്ചത്. മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണിത്.

ആകെ 2525 കിലോ മെത്താംഫെറ്റമിനാണ് പിടിച്ചെടുത്തിട്ടുള്ളത്. പാകിസ്ഥാനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് എന്‍.സി.ബി സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പാക്കിസ്ഥാന്‍ പൗരനില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ എന്‍ സി ബിക്ക് ലഭിച്ചു. ഇതിന് പിന്നാലെ ഡി ആര്‍ ഐ, എന്‍ ഐ എ, കേന്ദ്ര ഐ ബി തുടങ്ങിയ ഏജന്‍സികള്‍ ഇന്നലെ ഇയാളെ ചോദ്യം ചെയ്തു. വിവിധ കേന്ദ്ര ഏജന്‍സികള്‍ സംഭവത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായിരുന്നു ചോദ്യം ചെയ്യല്‍.

ശനിയാഴ്ചയാണ് പുറംകടലില്‍ കപ്പല്‍ വളഞ്ഞ് മൂന്ന് ടണ്ണോളം മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബിയും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലില്‍ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് പൊതിയാന്‍ ഉപയോഗിച്ച കവറുകളും ചാക്കുകളും പാകിസ്താനില്‍ നിര്‍മിച്ചവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍.സി.ബി.യും നാവികേസനയും പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പലും ലഹരിമരുന്നും കടലില്‍ മുക്കാനായിരുന്നു കടത്തുകാരുടെ ശ്രമം. തുടര്‍ന്ന് മാഫിയസംഘത്തില്‍പ്പെട്ടവര്‍ ബോട്ടുകളില്‍ രക്ഷപ്പെട്ടു. ഇതിലൊരു ബോട്ട് പിന്തുടര്‍ന്നാണ് പാകിസ്താന്‍ സ്വദേശിയെ പിടികൂടിയത്. കടലില്‍ മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ലഹരിമരുന്നും പിടിച്ചെടുക്കുകയായിരുന്നു. കപ്പല്‍ പിന്നീട് പൂര്‍ണമായും മുങ്ങിയതായി നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്.