ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയുടെ ഉളളടക്കം സ്വാഗതം ചെയ്യുന്നെന്നും മേയര്‍
കോര്‍പറേഷന്റെ ഭാഗം കേട്ടില്ല, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി- ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കൊച്ചി നഗരസഭ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും വിശദമായ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ സമയം നല്‍കാതെയാണ് ട്രൈബ്യൂണല്‍ കേസ് തീര്‍പ്പാക്കിയത്. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഒരു കേസ് നിലവിലുളളതാണ്. നഷ്ടപരിഹാരം പൂര്‍ണ്ണമായും തിട്ടപ്പെടുത്താതെയാണ് ട്രൈബ്യൂണല്‍ 100 കോടി രൂപയുടെ ഫൈന്‍ ചുമത്തിയിട്ടുളളത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താതെ ചുമത്തുന്ന പിഴ സംബന്ധിച്ച് ഹൈക്കോടതിയില്‍ സ്വാഭാവികമായും കാര്യങ്ങള്‍ ഉന്നയിക്കേണ്ടതുമുണ്ട്.
എങ്കിലും ഈ ഉത്തരവിന് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ഈ വിധിയെ സദുദ്ദേശപരമായാണ് കാണുന്നത്. ഫൈന്‍ ഒഴികെയുളള കാര്യങ്ങളില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തീപ്പിടുത്തത്തെ തുടര്‍ന്നുളള പരിസ്ഥിതി ആഘാതത്തെ സംബന്ധിച്ച വിശദമായ പഠനം നടത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ച് പഠിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങും.
തീപ്പിടുത്തത്തിലേക്ക് നയിച്ചത് ഈ കൗണ്‍സില്‍ ചുമതലയേറ്റ ശേഷം സ്വീകരിച്ച നടപടികളാലല്ല എന്ന് ഈ വിധിന്യായം വ്യക്തമാക്കുന്നുണ്ട്. വിധിന്യായത്തിന്റെ 5-ാം ഖണ്ഡികയില്‍ 2012-ല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അന്നത്തെ വിന്‍ഡ്രോ കംപോസ്റ്റ് പ്ലാന്റ് തൃപ്തികരമല്ല എന്ന് അഭിപ്രായപ്പെട്ടതും, അതേ തുടര്‍ന്ന് ഹൈക്കോടതി കേസ് എടുത്തതും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ന്ന് ആ കേസ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിലേക്ക് 2013-ല്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി 2017-ല്‍ ഫയല്‍ ചെയ്യപ്പെട്ട മറ്റ് രണ്ട് കേസുകളും 2018-ലെ വേറൊരു കേസിലെ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.92 കോടി രൂപ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തിയ കാര്യവും വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്നും 2010 മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് തീപ്പിടുത്തത്തിലേക്ക് നയിച്ചത് എന്ന ഞങ്ങളുടെ വാദഗതി അംഗീകരിക്കപ്പെടുകയാണ്.
സൗമിനി ജെയിന്‍ മേയറായിരിക്കുമ്പോള്‍ 2018-ല്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. 2 കോടി രൂപ ഫൈനും, ആറ് മാസത്തിനകം ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ എല്ലാ ദിവസവും 2 ലക്ഷം രൂപ ഫൈന്‍ ചുമത്തിയതുമായ കേസിലായിരുന്നു സ്റ്റേ വാങ്ങിയത്. 2020-ലും അതുവരെയുളള നടപടികള്‍ പാലിക്കാതെ വന്നതിനാല്‍ വീണ്ടും 14 കോടി രൂപയുടെ ഫൈന്‍ ചുമത്തി. അതിന് സ്റ്റേ വാങ്ങുന്നത് 2021 ഈ കൗണ്‍സിലി്‌ന്റെ കാലത്താണ്. ഇതില്‍ നിന്നെല്ലാം 2010-ലെയും 2015-ലെയും കൗണ്‍സിലുകള്‍ പ്ലാന്റുമായി ബന്ധപ്പെട്ട് തൃപ്തികരമായ നടപടികള്‍ സ്വീകരിച്ചില്ല എന്നത് വ്യക്തമാണ്.
ഏറ്റവും പ്രധാനമായി സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2016 പ്രകാരം ഒരു പുതിയ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കും. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ജൈവ മാലിന്യം സ്രോതസ്സില്‍ തന്നെ സംസ്‌കരിക്കുവാനുളള നടപടികള്‍ സ്വീകരിക്കും. ബള്‍ക്ക് വേസ്റ്റ് ജനറേറ്റേഴ്‌സിന് അവരുടെ തന്നെ ഉത്തരവാദിത്തത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുവാനുളള നിര്‍ദ്ദേശം നല്‍കും. നഗരത്തിലെ വീടുകളില്‍ നിന്നുളള അജൈവ മാലിന്യങ്ങള്‍ പ്രത്യേക കലണ്ടര്‍ തയ്യാറാക്കി ശേഖരിക്കും. റോഡരികില്‍ മാലിന്യം കെട്ടി വയ്ക്കുന്നതിനെതിരായ ബോധവത്കരണം നടത്തും. തീപ്പിടുത്തത്തെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.