പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, റോഡ്‌ഷോ ആയി ആനയിക്കും,നാളെ തിരുവന്തപുരത്ത്
യുവം പരിപാടിക്ക് പ്രമുഖ സിനിമാതാരങ്ങളുമെത്തും

റോഡ് ഷോയില്‍ 15,000 പേരും യുവം പരിപാടിയില്‍ 50,000 പേരുമായിരിക്കും പങ്കെടുക്കുക.
കൊച്ചി- രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 5നു കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു വെണ്ടുരുത്തി പാലം കടന്നു തേവരയിലെ വേദിയിലേക്കു മെഗാ റോഡ് ഷോ ആയാണ് എത്തുക. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ ഐ പി എസ് അറിയിച്ചു. റോഡ് ഷോയില്‍ 15,000 പേരും യുവം പരിപാടിയില്‍ 50,000 പേരുമായിരിക്കും പങ്കെടുക്കുക.
റോഡ്‌ഷോയുടെ അകമ്പടിയോടെ എത്തുന്ന മോഡി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന യുവം കോണ്‍ക്ലേവില്‍ ഒന്നര മണിക്കൂറോളം യുവാക്കളുമായി സംവദിക്കും. രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വന്‍ സഞ്ചയം പരിപാടിയില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പറഞ്ഞു.സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ പരിപാടിക്ക് എത്തുമെന്നാണു വിവരം. മലയാളത്തിലെ യുവതാരങ്ങളുമുണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ആവശ്യങ്ങളും യുവാക്കളില്‍നിന്നു പ്രധാനമന്ത്രി തേടും. അവരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിനല്‍കും. യുവം പരിപാടിക്ക് ശേഷം രാത്രി വില്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ വിവാന്തയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9:25 നാകും കൊച്ചിയില്‍ നിന്നും പുറപ്പെടുക.
10:15 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 10.30 ന് സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടര്‍ച്ചയായി റയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക.