വ്യാജപ്രചാരണം: സച്ചിന്‍ദേവ് എം എല്‍ എക്കെതിരെ സൈബര്‍സെല്ലിന് പരാതി നല്‍കി കെ കെ രമ
സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത് സംഭവങ്ങളുടെ തെറ്റായ ക്രമത്തിലുള്ള ചിത്രങ്ങള്‍

തിരുവനന്തപുരം- നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കു പറ്റിയ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ കെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. നിയമ സഭാ സംഘര്‍ഷത്തില്‍ തന്റെ കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുകയും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുകയുമാണ്. സച്ചിന്‍ ദേവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വ്യാജ നിര്‍മിതിയാണ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് സച്ചിന്‍ദേവ് ചെയ്തത്. തന്നെ ചികില്‍സിച്ചത് ജനറല്‍ ആശുപത്രിയില്‍ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വ്യാജ വാര്‍ത്ത ആണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് രമ ചോദിച്ചു.
സച്ചിന്‍ ദേവിന് തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. അത് ചെയ്യാതെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഏറെ പ്രതീക്ഷയുള്ള യുവ എംഎല്‍എയായ സച്ചിനെ പോലൊരു ആള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എല്ല് പൊട്ടിയെന്ന് പറഞ്ഞ് ആദ്യം പ്ലാസ്റ്ററിട്ടു, പിന്നെ 10 മിനിറ്റിനകം പ്ലാസ്റ്റര്‍ മാറ്റി സ്ലിങ് ഇട്ടു. കൈ ചൂണ്ടി സംസാരിക്കുന്നു എന്നിങ്ങനെയാണ് ആരോപണം. എന്നാല്‍ സംഭവങ്ങളുടെ തെറ്റായ ക്രമത്തിലുള്ള ചിത്രങ്ങളാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്.
നിയമസഭയിലെ ഡോക്ടറാണ് ആദ്യം പരിശോധിക്കുന്നത്. ബിപി കൂടുതലായിരുന്നു. കൈക്ക് നീരുണ്ടെന്ന് പറഞ്ഞ് നിയമഭയിലെ ഡോക്ടറാണ് കൈക്ക് സ്ലിങ് ഇട്ടത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ജനറല്‍ ആശുപത്രിയിലേക്ക് പോയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം എക്‌സ്‌റേ എടുത്തു. അതിന് ശേഷം ഓര്‍ത്തോ ഡോക്ടറെ കണ്ടു. ഡോക്ടറാണ് പ്ലാസ്റ്ററിടാന്‍ പറഞ്ഞത്. ബാഗ് പോരെ എന്ന് ഞാന്‍ ചോദിച്ചെങ്കിലും നീരുണ്ടെന്ന് പറയുകയും പിടിച്ചപ്പോള്‍ എനിക്ക് വേദന എടുക്കുകയും ചെയ്തു. ഇതോടെയാണ് ഡോക്ടര്‍ പ്ലാസ്റ്റര്‍ വേണമെന്ന് നിര്‍ബന്ധിച്ചത്. എക്‌സറേ എടുത്തിട്ട് അതില്‍ പൊട്ടുണ്ടോ എന്ന് നോക്കാന്‍ നമുക്ക് അറിയില്ല. ഡോക്ടര്‍ക്കാണ് അറിയുന്നത്. അവര്‍ ആണ് പറഞ്ഞത് പ്ലാസ്റ്ററിട്ടത്. എല്ലാ നടപടിക്രമങ്ങളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരണാണ് നടന്നത്- രമ വ്യക്തമാക്കി.
സച്ചിന്‍ദേവ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ട്രോള്‍ ചിത്രം