LogoLoginKerala

സമൂഹമാധ്യമങ്ങളില്‍ കെ.കെ.രമയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്‌സ്‌റേ വ്യാജം

സ്ഥിരീകരിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍
 
kk rama
വ്യാജ എക്‌സ്‌റേ പ്രചരിപ്പിച്ചത് സി പി എം അനുകൂല സൈബര്‍ പ്രൊഫൈലുകള്‍

കൊച്ചി-നിയമസഭയിലെ ബഹളത്തില്‍ രമയുടെ കൈക്ക് സംഭവിച്ച പരുക്ക് വ്യാജമാണെന്നു കാട്ടി എക്‌സ്‌റേ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കെ.കെ.രമയുടേതെന്ന പേരില്‍ പ്രചരിച്ച ഈ എക്‌സ്‌റേ വ്യാജമാണെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചതായി കെ.കെ രമയുടെ ഓഫീസ് വ്യക്തമാക്കി. തുടര്‍ പരിശോധനയ്ക്കായി ഇന്ന് ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കെ.കെ രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്‌സ്‌റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആണെന്നും ഡോക്ടര്‍ അറിയിച്ചു. ലിഗ്മെന്റിന് പരിക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാന്‍ എംആര്‍ഐ സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുവരെ പ്ലാസ്റ്റര്‍ തുടരാനും നിര്‍ദേശിച്ചു. 
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ കെ.കെ രമ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അഭിനയമാണെന്നുമായിരുന്നു സിപിഎം അനുകൂല സൈബര്‍ പ്രൊഫൈലുകളില്‍ നിന്നുള്ള ആക്ഷേപം.