താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയെ കര്‍ണാടകയില്‍ കണ്ടെത്തി

കോഴിക്കോട് - താമരശ്ശേരിയില്‍ നിന്ന് തട്ടികൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി. കര്‍ണാടകയില്‍ നിന്നാണ് ഷാഫിയെ കണ്ടെത്തിയത്. ഷാഫിയെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ റേഞ്ച് ഐഞ്ചിയുടെ മുന്നില്‍ ഹാജരാക്കും.
താമരശ്ശേരി പരപ്പന്‍പൊയിലിലെ പ്രവാസി ഷാഫിയേയും ഭാര്യ സനിയയേയും രണ്ടാഴ്ച്ച മുന്‍പാണ് വീട്ടിലെത്തി ഒരു സംഘം തട്ടികൊണ്ടുപോയത്. ഭാര്യ സനിയയെ പിന്നീട് വഴിയിലിറക്കിവിടുകയായിരുന്നു . ഷാഫിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തിരിച്ചില്‍ നടത്തി. ഇയാളെ തട്ടി കൊണ്ടുപോയ കാര്‍ കാസര്‍കോട് നിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴിതിരിവായത്. കാര്‍ കൈമാറിയ ആളെയും തട്ടികൊണ്ടുപോകാന്‍ സഹായം ചെയ്‌തെന്നു കരുതുന്നു മൂന്ന് പേരെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘം ഷാഫിയെ കര്‍ണാടകയില്‍ നിന്നും കണ്ടെത്തിയത്.
നിരവധി ചോദ്യങ്ങള്‍ക്കാണ് ഇനി ഷാഫി ഉത്തരം നല്‍കേണ്ടത്. ആര് തട്ടികൊണ്ടുപോയി, തട്ടി കൊണ്ടു പോകലിന് ഇടയാക്കിയെന്ന് പറയുന്ന പണമിടപ്പാടുകള്‍ ഏന്തൊക്കെ, ബന്ദിയായിരിക്കുമ്പോള്‍ വീഡിയോ സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത് എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കാണ് ഷാഫിയില്‍ നിന്നും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടത്. ഷാഫിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ റേഞ്ച് ഐഞ്ചിയുടെ മുന്നില്‍ ഹാജരാക്കും.