LogoLoginKerala

കേരളം ഇന്നും ചുട്ടുപൊള്ളുന്നു; 6 ജില്ലകളില്‍ താപനില 40 ഡിഗ്രിക്കടുത്ത്

 
heatwave

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കൊല്ലം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നും പ്രവചനമുണ്ട്.
ഇന്നലെ പാലക്കാട്ട് 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന താപനിലയാണ് ഇത്. 6 ദിവസത്തിനുള്ളില്‍ മൂന്നാം തവണയാണ് താപനില 40 കടക്കുന്നത്. ചൊവ്വാഴ്ച പുനലൂര്‍ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട് 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
ഏതാനും ദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വടക്കന്‍ ജില്ലകളും മധ്യകേരളവുമാണു വെന്തുരുകുന്നത്. മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക (ഹീറ്റ് ഇന്‍ഡക്‌സ്) 7 ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട 58 എന്ന നിലവാരത്തില്‍ എത്തിയതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതല്‍ 50 വരെ എന്ന സൂചികയിലുമാണ്.
അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ  കൊല്ലം ജില്ലയില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചെറുമഴകള്‍ ലഭിക്കുന്നത് അന്തരീക്ഷ ഈര്‍പ്പം വര്‍ധിപ്പിക്കുന്നതല്ലാതെ ചൂട് കുറയ്ക്കാന്‍ സഹായകരമാകില്ല.