LogoLoginKerala

പത്തുമിനിറ്റ്, സഭ പിരിഞ്ഞു, സമവായചര്‍ച്ചകള്‍ സജീവം

പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി,ചോദ്യോത്തര വേള റദ്ദാക്കി സഭ നിര്‍ത്തി
 
kerala assembly

 

തിരുവനന്തപുരം- പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും നിയമസഭ നടപടികള്‍ നിര്‍ത്തിവെച്ച് പിരിഞ്ഞു. പത്ത് മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക. അതിനോടകം പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ചര്‍ച്ച തുടങ്ങി. പാര്‍ലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അദ്ദേഹത്തിന്റെ ചേംബറിലെത്തി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പ്രത്യേക ചര്‍ച്ച നടക്കുമെന്നാണ് സൂചന. അതില്‍ സമവായമുണ്ടായില്ലെങ്കില്‍ തി്ങ്കളാഴ്ച സഭ ചേരുമ്പോള്‍ നടപടികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കി സഭാ സമ്മേളനം വെട്ടിച്ചുരുക്കി പിരിയേണ്ടിവരും. 
നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിക്കെതിരെയാണ് ഇന്ന് പ്രതിപക്ഷം നിയസഭയില്‍ പ്രതിഷേധമുയര്‍ത്തിയത്.ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ സഭയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. കഴിഞ്ഞ ദിവസം നിയമസഭയ്ക്ക് അകത്ത് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട് വാദി പ്രതിയായ അവസ്ഥയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കലാപം നടത്തിയെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചോദ്യോത്തരവേള കഴിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കാനാകൂവെന് നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നിന്നു.  ചോദ്യോത്തരവേള മുടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയായിരുന്നു. സ്പീക്കര്‍ നീതി പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയും ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ ആവര്‍ത്തിച്ച് സഹകരിക്കണം തേടിയിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് ചെയറുമായി സഹകരിക്കാതെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന സമീപനം നിരാശാജനകമാണെന്ന് അറിയിച്ച് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചു. സഭ പിരിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഭരണകക്ഷി എം എല്‍ എമാരായ എച്ച്.സലാമും സച്ചിന്‍ദേവും ആരോപണ പ്രത്യാരോപണങ്ങളുയര്‍ത്തി.