LogoLoginKerala

നിയമസഭാ കക്ഷിനേതാക്കളുടെ യോഗം വിളിക്കും

പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം
 
assembly

സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ പി സി സി.

പ്രതിപക്ഷ സമരം മുഖ്യമന്ത്രിയുടെ പ്രസ്താവന തടസപ്പെടുത്താന്‍: ജയരാജന്‍.

സ്പീക്കര്‍ ഓഫീസിന് സമീപത്തെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനം. സ്പീക്കര്‍ നിയമസഭാ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ അക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് രമ്യമായ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയില്ലാതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. നിലപടാടില്‍ അയവു വരുത്തുന്നതിന് ഇരുപക്ഷത്തെയും ഫ്‌ളോര്‍ മാനേജര്‍മാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. 
അതേസമയം പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ പി സി സി തീരുമാനിച്ചു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തി പ്രസ്താവനകള്‍ തുടരുകയാണ്. മുഖ്യമന്ത്രിയെ റിപ്പോര്‍ട്ടും പ്രസ്താവനയും നടത്താന്‍ അനുവദിക്കരുത് എന്ന് മനപ്പൂര്‍വ്വം തീരുമാനിച്ച് ഉറപ്പിച്ചാണ് കോണ്‍ഗ്രസ് ഇന്ന് സഭയില്‍ എത്തിയതെന്ന് യു ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. 
ഇന്ന് നിയമസഭയില്‍ എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റൂള്‍ 300 അനുസരിച്ച് വളരെ വിശദമായി മുഖ്യമന്ത്രി റിപ്പോര്‍ട്ട് നടത്തും എന്ന് വ്യക്തമാക്കിയിരുന്നു. അവിടെ ഇത്രയും കാലം നടന്നിട്ടുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും, കേരളത്തിലാകമാനം മാലിന്യ നിര്‍മാര്‍ജനം നടത്തേണ്ടതിനെക്കുറിച്ചും ഉള്‍പ്പടെ ഫലപ്രദമായ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും പ്രസ്താവനയുമാണ് ജനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും അതെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യും. അത് മനസ്സിലാക്കിയ പ്രതിപക്ഷം മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രി ഒന്നും പറയുന്നില്ല എന്ന് പറഞ്ഞ് ബഹളം വെച്ച് നിയമസഭ അലങ്കോലപ്പെടുത്തുന്നു.
നിയമസഭക്ക് അകത്ത് വിവിധ പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇന്ന് നിയമസഭയില്‍ ആക്രമം നടത്തുക മാത്രമല്ല സ്പീക്കറെ ആക്രമിക്കാനും കൂടെയാണ് ശ്രമിച്ചത്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ മുറിയില്‍ തള്ളിക്കയറാനും ബലംപ്രയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായത്. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നത്. ഭരണകക്ഷിക്ക് എതിരെ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് അവരെ പ്രകോപിപ്പിക്കാനും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും വ്യക്തിപരമായി ആക്രമിക്കാനുമള്ള പ്രതിപക്ഷ നേതാവിന്റെ പക്വതയില്ലാത്ത നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്പീക്കറുടെ മുറിയിലേക്ക് തള്ളിക്കയറുന്നത് തടഞ്ഞ വാച്ച് ആന്റ് വാര്‍ഡുകളെ ആക്രമിച്ചു. വരാന്തയിലുണ്ടായവര്‍ക്കെതിരേയും ആക്രമം നടന്നു. ഇത് തികച്ചും അപലപനീയമാണെന്ന് ജയരാജന്‍ പറഞ്ഞു.