LogoLoginKerala

എഐ ക്യാമറ പദ്ധതി: ആരോപണങ്ങള്‍ക്ക് കെല്‍ട്രോണ്‍ മറുപടി പറയുമെന്ന് ഗതാഗതമന്ത്രി

 
antony raju


തിരുവനന്തപുരം- എഐ ക്യാമറകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണാണെന്നും ഗതാഗത വകുപ്പല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി തയ്യാറാക്കിയത് കെല്‍ട്രോണാണ്. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചത്. 2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. 2021-ല്‍ ആണ് താന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു. പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണ്. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇതുസംബന്ധിച്ച് കെല്‍ട്രോണ്‍ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ മൂലമാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും ഉണ്ടാകുന്നത്. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ എഐ ക്യാമറയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് സ്ഥാപിച്ചതിനു ശേഷംതന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.