LogoLoginKerala

ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് കെല്‍ട്രോണ്‍ എം ഡി നാരായണ മൂര്‍ത്തി

ഉപകരാറിന്റെ ഉത്തരവാദിത്തം കെല്‍ട്രോണിനില്ലെന്നും എം ഡി
 
narayana moorthy
9.5 ലക്ഷം രൂപയാണ് ഒരു കാമറയുടെ വില. കാമറയ്ക്ക് വേണ്ടി ചിലവാക്കിയത് 74 കോടി രൂപയാണ്. ബാക്കി സിസ്റ്റം മാനേജ്മെന്റിന് വേണ്ടി വരുന്ന ചിലവാണ്.

തിരുവനന്തപുരം-232 കോടി രൂപയ്ക്ക് 726 എഐ കാമറകള്‍ സ്ഥാപിച്ച എഐ ട്രാഫിക് പദ്ധതിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ പ്രതികരണവുമായി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി. പദ്ധതിയുടെ പ്രപ്പോസല്‍ തുക ആദ്യം 235 കോടി രൂപയ്ക്കാണ് കരാര്‍ ചെയ്തതെന്നും ചര്‍ച്ചകളിലൂടെയാണ് ഇത് 232 കോടിയാക്കിയതെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ 151 കോടിയാണ് ഉപകരാര്‍ നല്‍കിയതെന്നും അതിന്റെ ഉത്തരവാദിത്വം കെല്‍ട്രോണിനില്ലെന്നും കെല്‍ട്രോണ്‍ എംഡി വ്യക്തമാക്കി.
ഒരു കാമറയുടെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണ്. 9.5 ലക്ഷം രൂപയാണ് ഒരു കാമറയുടെ വില. കാമറയ്ക്ക് വേണ്ടി ചിലവാക്കിയത് 74 കോടി രൂപയാണ്. ബാക്കി സിസ്റ്റം മാനേജ്മെന്റിന് വേണ്ടി വരുന്ന ചിലവാണ്. സാങ്കേതിക സംവിധാനങ്ങള്‍, സെര്‍വര്‍ റൂം, പലിശ എന്നിങ്ങനെയാണിത്. ഐ കാമറയ്ക്ക് വേണ്ടി സ്വീകരിച്ച നടപടികളെല്ലാം സുതാര്യമായാണ് നടന്നത്. ഉപകരാര്‍ എസ് ആര്‍ ഐ ടി എന്ന കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. അതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. എഐ കാമറയില്‍ അകപ്പെടുന്ന ഡേറ്റ ഒരിക്കല്‍ കൂടി കെല്‍ട്രോണ്‍ ടെക്നീഷ്യന്‍മാര്‍ പരിശോധിച്ചതിന് ശേഷം മാത്രമേ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയുള്ളൂവെന്നും നാരായണ മൂര്‍ത്തി അറിയിച്ചു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പദ്ധതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. കരാറിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും സര്‍ക്കാര്‍ അത് പുറത്തുവിടുന്നില്ലെങ്കില്‍ താന്‍ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.