LogoLoginKerala

ഗോവധ നിരോധനം നീക്കാന്‍ കര്‍ണാടക സര്‍ക്കാര്‍, പ്രക്ഷോഭമാരംഭിക്കുമെന്ന് ബി ജെ പി

കാളകളെ കൊല്ലാമെങ്കില്‍ പശുക്കളെ കൊല്ലുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി വെങ്കിടേഷ്
 
cow

ബംഗളൂരു- കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ 2020ല്‍ ഏര്‍പ്പെടുത്തിയ ഗോവധ നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കാളകളെ അറവുശാലകളില്‍ കൊണ്ടുപോയി കൊല്ലാമെങ്കില്‍ പശുക്കളെ കൊല്ലുന്നതില്‍ എന്താണ് പ്രശ്നമെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കിടേഷ് ചോദിച്ചു. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും കുഴിച്ചിടാന്‍ പോലും കര്‍ഷകര്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും ബി ജി പി സംസ്ഥാന സെക്രട്ടറി രവികുമാറും രംഗത്തുവന്നു. പുതിയ മന്ത്രിയുടെ പ്രസ്താവന പശുക്കളെ വന്‍തോതില്‍ കടത്തുന്നതിനും പശുക്കളെ കൊല്ലാന്‍ വന്‍കിട കശാപ്പുശാലകള്‍ നിര്‍മ്മിക്കുന്നതിനും ഇടയാക്കുമെന്ന് ബൊമ്മൈ മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായ അറവുശാലകള്‍ തടയാനാണ് തന്റെ സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. ഇന്ത്യക്കാര്‍ പശുക്കളോട് വൈകാരികമായ ബന്ധമാണുള്ളത്. ഗോവധ നിരോധനം ബിജെപി നടപ്പാക്കിയിട്ടില്ലെന്നും നിലവിലുള്ള നിയമം ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസവരാജ പറഞ്ഞു.  ഈ നിയമം ആദ്യം നിര്‍ദ്ദേശിച്ചത് മഹാത്മാഗാന്ധിയാണെന്നും പല സംസ്ഥാനങ്ങളിലും ഇത് നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവധ നിരോധനത്തെ ഗാന്ധി അനുകൂലിച്ചതിന് തൊട്ടുപിന്നാലെ പല കോണ്‍ഗ്രസ് സര്‍ക്കാരുകളും നിയമം കൊണ്ടുവന്നുവെന്ന് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രവികുമാര്‍ പറഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമം മാറ്റാനും ഗോവധം അനുവദിക്കാനും ശ്രമിച്ചാല്‍ ബിജെപി ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

13 വയസ് പൂര്‍ത്തിയായതോ സാരമായ അസുഖങ്ങള്‍ ഉള്ള കാളകളെയോ മാത്രമേ കര്‍ണാടകയില്‍ കൊല്ലാന്‍ അനുവാദമുള്ളൂ. 2020ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ നിയമ ഭേദഗതി.

പശുക്കളെയും കാളകളെയും വില്‍ക്കുന്നതും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും 2020-ല്‍ കൊണ്ടുവന്ന നിയമം വഴി നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പിഴയും ഏഴു വര്‍ഷം വരെ തടവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. 2021 ജനുവരിയിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.