LogoLoginKerala

കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്, ദേശീയ പ്രതിപക്ഷ നേതൃനിര അണിനിരക്കും

12.30 ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ
 
kandeerava stadium

ബംഗളൂരു-നിയുക്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ ഐക്യനിര അണിനിരക്കും.  ഇന്ന് 12.30 ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ എന്നിവരടക്കമുള്ള ഉന്നത നേതാക്കളെ ബെംഗളൂരു പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെഡിയു വക്താവ് റജിബ് രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

ജെഎംഎം, ആര്‍ജെഡി, ശിവസേന, എസ്പി, പിഡിപി, സിപിഐ(എം), സിപിഐ, എംഡിഎംകെ, ആര്‍എസ്പി, സിപിഐ(എംഎല്‍), വിസികെ, ആര്‍എല്‍ഡി, കേരള കോണ്‍ഗ്രസ്, ഐയുഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതാക്കളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹേമന്ത് സോറന്‍, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്കും ഖാര്‍ഗെ ക്ഷണം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ചടങ്ങില്‍ പങ്കെടുക്കാന്‍ ഖാര്‍ഗെ ക്ഷണിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അവരുടെ പ്രതിനിധിയാകും പങ്കെടുക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപക്വസമീപനം എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ പതിനൊന്ന് ക്യാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, ലിംഗായത്തുകള്‍, വൊക്കലിഗകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മേഖലകളില്‍ നിന്നും പുതിയ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും. ലക്ഷ്മണ്‍ സവാദി, കെ എച്ച് പാട്ടീല്‍, എം ബി പാട്ടീല്‍ (ലിംഗായത്ത്), പ്രിയങ്ക് ഖാര്‍ഗെ പരമേശ്വര, മഹാദേവപ്പ, മുനിയപ്പ (എസ്സി), രമേഷ് ജാര്‍ക്കിഹോളി (വാല്‍മീകി), ആര്‍ വി ദേശ്പാണ്ഡെ (ബ്രാഹ്‌മണന്‍), യു ടി ഖാദര്‍, തന്‍വീര്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കാവുന്ന ചില നേതാക്കള്‍.