LogoLoginKerala

കര്‍ണാടകത്തില്‍ തൂക്കുനിയമസഭയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

 
exit poll

ബംഗളൂരു-  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുനിയമസഭ പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മിക്കവാറും എല്ലാ ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത് ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ്. ഭൂരിപക്ഷം സര്‍വെകളും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുമ്പോള്‍ ഏതാനും ഏജന്‍സികള്‍ ബി ജെ പിക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

റിപ്പബ്ലിക്കും പി-മാര്‍ക്കുമായി ചേര്‍ന്നു നടത്തിയ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചിക്കുന്നത്. 224-അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റ് വരെ പ്രതീക്ഷിക്കാം. ബിജെപിക്ക് 95 മുതല്‍ 108 വരെയും. 24 മുതല്‍ 32 വരെ സീറ്റ് നേടി ജെഡിഎസ് കിങ്‌മേക്കറായി മാറുമെന്നാണ് കണക്കാക്കുന്നത്. മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ആറ് വരെ സീറ്റാണ് കാണുന്നത്.

സീ ന്യൂസും മെട്രിസും ചേര്‍ന്നു നടത്തിയ എക്‌സിറ്റ് പോളിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി പ്രവചിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 79 മുതല്‍ 94 സീറ്റ് വരെയേ ഭരണകക്ഷിക്കു കിട്ടൂ. കോണ്‍ഗ്രസിന് പക്ഷേ, ഈ പ്രവചനത്തിലും വലിയ ആശ്വാസത്തിനു വകയില്ല. കാരണം, അവര്‍ക്ക് 103 മുതല്‍ 118 സീറ്റ് വരെ മാത്രമാണ് പ്രതീക്ഷിക്കാവുന്നത്. ജെഡിഎസിന് 25 മുതല്‍ 33 സീറ്റ് വരെയും പ്രവചിക്കുന്നു.

ഇന്ത്യ ടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേര്‍ന്നു നടത്തിയ എക്‌സിറ്റ് പോളിലും പ്രവചിക്കുന്നത് തൂക്കു സഭ തന്നെയാണെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പറയുന്നത്. തീരദേശ മേഖലയില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായിട്ടുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍.

സുവര്‍ണ ജന്‍ കി ബാത്ത് സര്‍വെയിലും തൂക്കുസഭ തന്നെ. നേരിയ മുന്‍തൂക്കം ബിജെപിക്കു പ്രതീക്ഷിക്കാം, 94 മുതല്‍ 117 സീറ്റ് വരെ. കോണ്‍ഗ്രസിന് 91 മുതല്‍ 106 വരെ. ജെഡിഎസിന് 14 മുതല്‍ 24 വരെയും.

എ ബി പി ന്യൂസ് സി വോട്ടര്‍ സര്‍വെയില്‍ കോണ്‍ഗ്രസ് 100-112 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. ബി ജെ പി 83 മുതല്‍ 95 വരെ സീറ്റുകളും ജെ ഡി എസ് 21-29 സീറ്റുകളും നേടും.

റിപബ്ലിക് ടി വിയും പി മാര്‍ക്കും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ കോണ്‍ഗ്രസ് 94 മുതല്‍ 108 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയാകും. ബി ജെ പി 85-100 സീറ്റുകളും ജെ ഡി എസ് 24132 സീറ്റുകളും നേടും.

ടൈംസ് നൗ - ഇടിജി സര്‍വെയില്‍ കോണ്‍ഗ്രസിന് 113 സീറ്റും ബി ജെ പിക്ക് 85 സീറ്റും ജെ ഡി എസിന് 23 സീറ്റും പ്രവചിക്കുന്നു.

ടി വി 9 പോള്‍സ്ട്രാറ്റ് സര്‍വെയില്‍ കോണ്‍ഗ്രസിന് 99-109 സീറ്റുകളാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 88-98 സീറ്റും ജെ ഡി എസിന് 21-26 സീറ്റും ലഭിക്കും.

ന്യൂസ് നേഷന്‍- സി ജി എസ് സര്‍വെയില്‍ ബി ജെ പി 114 സീറ്റോടെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 86 സീറ്റും ജെ ഡി എസിന് 21 സീറ്റും ലഭിക്കും.