കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിനുള്ള അണിയറനീക്കങ്ങള്‍ ഊര്‍ജിതം
ബംഗളൂരു- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അണിയറയില്‍ ഒരുക്കം തുടങ്ങി. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ എന്തുവിലകൊടുത്തും ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയും തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും ഒരുങ്ങി. കിംഗ് മേക്കറാകുമെന്ന് പ്രവചിക്കപ്പെടുന്ന എച്ച് ഡി കുമാരസ്വാമിയുടെ നീക്കങ്ങളാണ് ഇനിയുള്ള മണിക്കൂറുകളില്‍ ഉറ്റു നോക്കപ്പെടുന്നത്. ചികിത്സക്കായി സിംഗപ്പുരിലേക്കു പോയ കുമാരസ്വാമി ഇന്ന് ബംഗളൂരുവില്‍ തിരിച്ചെത്തുന്നതോടെ ജെഡിഎസ് ക്യാംപും ഉഷാറാകും. കുമാരസ്വാമിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനം രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നാണു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രഖ്യാപനം.
ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനും ചിലത് ബി ജെ പിക്കും മേല്‍ക്കൈ നല്‍കിയെങ്കിലും തൂക്കുസഭ വരുമെന്നാണു ഭൂരിപക്ഷം ഏജന്‍സികളുടെയും പ്രവചനം. ഏതു സാഹചര്യത്തിലും ജനതാദള്‍ എസിന്റെ നിലപാടുകളായിരിക്കും നിര്‍ണായകം. ഈ സാഹചര്യത്തില്‍ തൂക്കുസഭ വന്നാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണു ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ ഇന്നലെ ചര്‍ച്ച നടത്തി. ഫല പ്രഖ്യാപനത്തിനൊപ്പം പുതിയ എംഎല്‍എമാരെ ആരും റാഞ്ചാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗവും ചര്‍ച്ചയായി. ആരോഗ്യപരമായ കാരണങ്ങളാല്‍ മുന്‍ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഇന്നലത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തില്ല.
മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലായിരുന്നു ബിജെപി ക്യാംപില്‍ നീക്കങ്ങള്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മന്ത്രിമാരായ മുരുഗേഷ് നിരനി, ബൈരതി ബസവരാജ്, ലെഹര്‍ സിങ് സിരോയ എംപി, എ.ടി. രാമസ്വാമി എന്നിവര്‍ യെദിയൂരപ്പയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ജയസാധ്യതയുള്ള വിമതരുമായി പാര്‍ട്ടി ചര്‍ച്ച തുടങ്ങി.