LogoLoginKerala

ഹൈക്കമാന്‍ഡിനെ വിഷമവൃത്തത്തിലാക്കി ഡികെ ശിവകുമാര്‍, പ്രതിസന്ധി നീളുന്നു

 
aicc

ന്യൂഡല്‍ഹി - സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കടിഞ്ഞാണ്‍ കൈയിലെടുക്കാന്‍ ശ്രമിച്ച ഹൈക്കമാന്‍ഡിനെ വിറപ്പിച്ച് ഡി കെ ശിവകുമാര്‍ നടത്തുന്ന സമ്മര്‍ദ നാടകം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ദൗര്‍ബല്യം തെളിയിക്കുന്നതായി. രാജസ്ഥാനില്‍ അശോക് ഗലോട്ടിന്റെ ഭീഷണിക്ക് വഴങ്ങി നിസ്സഹായത തെളിയിച്ച ഹൈക്കമാന്‍ഡ് കര്‍ണാടകയിലും അച്ചടക്കത്തിന്റെ വാള്‍ എടുത്തുപയോഗിക്കാന്‍ കഴിയാതെ കുഴയുകയാണ്. പടികടന്നെത്തുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ തിരിച്ചടിയേല്‍ക്കുമെന്നതാണ് ഹൈക്കമാന്‍ഡിനെ നിസ്സഹായരാക്കുന്നത്.

ഡി കെ ശിവകുമാറിന്റെ പൂര്‍ണ സമ്മതം ലഭിക്കുന്നതിന് മുമ്പേ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിപദം സിദ്ധരാമയ്യക്ക് ഉറപ്പു നല്‍കിയതോടെയാണ് ഇന്നുരാവിലെ മുതല്‍ സിദ്ധരാമയ്യ പക്ഷം അമിതാവേശത്തോടെ എടുത്തു ചാടിയത്. രാഹുല്‍ ഉറപ്പു നല്‍കിയതോടെ സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടവര്‍ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും നാളെ സത്യപ്രതിജ്ഞ നടക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു. സിദ്ധരാമയ്യ പക്ഷം നാടെങ്ങും ആഹ്ലാദ പ്രകടനങ്ങളാരംഭിക്കുകയും ബംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നാളെ സത്യപ്രതിജ്ഞ നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തതോടെ ഇടഞ്ഞ ശിവകുമാര്‍ എ ഐ സി സി അധ്യക്ഷന് മുന്നില്‍ പൊട്ടിത്തെറിച്ചു.

തൊട്ടുപിന്നാലെ അതുവരെ നടന്ന കാര്യങ്ങള്‍ റിവേഴ്‌സ് ഗിയറിലായി. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് എ ഐ സി സി വക്താവ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നാളെ സത്യപ്രതിജ്ഞ ചെയ്യാമെന്ന പ്രതീക്ഷയില്‍ ഇന്ന് കര്‍ണാടകത്തിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചു. സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ പാലഭിഷേകവും മധുരപലഹാര വിതരണവും ആഹ്ലാദ പ്രകടനങ്ങളും നടത്തിയവര്‍ തല്‍ക്കാലത്തേക്കെങ്കിലും നിരാശയോടെ പിരിഞ്ഞു പോയി. കണ്ഡീരവ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കായി കൊണ്ടു വന്ന് സ്ഥാപിച്ച ബാരിക്കേഡുകളടക്കമുള്ള സാമഗ്രികള്‍ എല്ലാം മണിക്കൂറുകളെടുത്ത് നീക്കം ചെയ്തു.

തല്‍സ്ഥിതി പുനസ്ഥാപിച്ചതോടെ രാപ്പകലില്ലാതെ ചര്‍ച്ചകളോട് ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ് വിയര്‍ക്കുകയാണ്. അന്തിമ തീരുമാനം വരെ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് നേതാക്കളെ ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യക്ക് നല്‍കുകയാണെങ്കില്‍ അത് ഹൈക്കമാന്‍ഡ് പരസ്യമായി പ്രഖ്യാപിക്കുകയും സിദ്ധരാമയ്യ തന്നെ ഇക്കാര്യം പരസ്യമായി അംഗീകരിക്കുകയും ചെയ്യുക, ഏക ഉപമുഖ്യമന്ത്രി പദവും ആഭ്യന്തര മന്ത്രി പദവും കെ പി സി സി അധ്യക്ഷ പദവും ലഭിക്കുക, തന്റെ വിശ്വസ്തര്‍ക്ക് മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ശിവകുമാര്‍ മുന്നോട്ടു വെക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകുമാറിന് രണ്ടാമത്തെ ടേം നല്‍കുന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡും ഇക്കാര്യം അംഗീകരിക്കാന്‍ സിദ്ധരാമയ്യയും ഇനിയും തയ്യാറല്ല. ഡി.കെ ശിവകുമാറിന് ഇത് സംബന്ധിച്ച് സോണിയയും രാഹുലും ഖാര്‍ഗെയും ഉറപ്പുനല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഇത്തരം ഉറപ്പുകള്‍ കാറ്റില്‍ പറത്തി അശോക് ഗലോട്ട് രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി തുടരുകയും സച്ചിന്‍ പൈലറ്റ് പരസ്യമായി വെല്ലുവിളിയുമായി പ്രചാരണം നടത്തുന്നതും ഡി കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു.