LogoLoginKerala

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡൽഹിക്ക്, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും

 
Sidharamayya dk Sivakumar
ബംഗളൂരു- കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ മുതിർന്ന നേതാക്കളായ എസ്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ വടംവലി തുടരുന്നതിനിടെ ഇരുവരെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിച്ചു. ഇരുനേതാക്കളും അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ഇന്നലെ വൈകിട്ടു ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ അന്തിമതീരുമാനമായില്ല. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. ഇതോടെ, സംസ്ഥാന കോൺഗ്രസിൽ ശക്തരായ ഇരുനേതാക്കൾക്കും സ്വീകാര്യമായ ഫോർമുല കണ്ടെത്താനുള്ള ശ്രമത്തിലായി ദേശീയ നേതൃത്വം. 
കര്‍ണാടക മുഖ്യന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇന്ന് രാത്രിയോടെ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. വൈകീട്ട് 3.30 ഓടെ ഇരുവരും ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയ്ക്ക് എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്‍റെ പിന്തുണയുണ്ടെന്നാണ് സൂചന. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷക്കണക്ക് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. എം എൽ എ മാരുടെ ഭൂരിപക്ഷാഭിപ്രായത്തിനാകും ഹൈക്കമാൻഡ് പ്രഥമ പരിഗണന നൽകുക. ഒപ്പം തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശിൽപിയായ ഡി കെ ശിവകുമാറിന് അർഹമായ പരിഗണന നൽകിയുള്ള ഫോർമുലയാകും പ്രഖ്യാപിക്കുക.
സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും ജനകീയനായ നേതാവു കൂടിയായ സിദ്ധരാമയ്യ ഇതു തന്‍റെ അവസാന തെരഞ്ഞെടുപ്പാണെന്ന പ്രസ്താവന നടത്തി വിഷയം കൂടുതൽ വൈകാരികമാക്കിയിരുന്നു. എന്നാൽ, തകർന്നു പോയ സംഘടനയെ സജീവമാക്കിയ നേതാവാണു ശിവകുമാർ. സംസ്ഥാനത്ത് ഏറെ ശക്തമായ വൊക്കലിഗ വിഭാഗത്തിന്‍റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. ബിജെപിയെ ഉപേക്ഷിച്ച് ഇത്തവണ കോൺഗ്രസിനെ തുണച്ച ലിംഗായത്ത് വിഭാഗം നിഷ്പക്ഷ നിലപാടു സ്വീകരിച്ചതും ശിവകുമാറിന്‍റെ വാദത്തിന് കരുത്തുപകർന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ശിവകുമാറാണു യോഗ്യനെന്ന് ഇന്നലെ വൊക്കലിഗ വിഭാഗത്തിന്‍റെ പ്രധാന സന്ന്യാസിയായ ആദി ചുഞ്ചനഗിരി നിർമലാനന്ദ നാഥ സ്വാമി തുറന്നടിച്ചിരുന്നു.
എല്ലാ പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാരമുണ്ടാക്കുമെന്നും നേതാവിനെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ പ്രഖ്യാപിച്ചത്. ഇരുനേതാക്കൾക്കും അർഹമായ പരിഗണന നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് എഐസിസി നിരീക്ഷകരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബബാരിയ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭാ കക്ഷി യോഗം ചേർന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു.
നിരീക്ഷകര്‍ സമാഹരിച്ച എംഎല്‍എമാരുടെ വോട്ടുകള്‍ ഹൈക്കമാന്‍ഡ് പരിശോധിച്ചു. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോര്‍ട്ട് ഖാര്‍ഗെക്കാണ് കൈമാറിയത്. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുമായി ചർച്ച ചെയ്താകും തീരുമാനമെടുക്കുക.
ഇതിനിടെ ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും പിന്തുണച്ച് അവരുടെ വസതികളില്‍ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെയും തടിച്ചുകൂടിയിട്ടുണ്ട്. വസതിയിലെത്തിയ പ്രവര്‍ത്തകരുടെ പൂമാല സ്വീകരിച്ച ശേഷം
ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി ബെംഗളൂരുവിലെ ഹോട്ടലിലെത്തി.