LogoLoginKerala

കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്‌

 
election

ബാംഗ്‌ളൂരു-രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നാണ് കര്‍ണാടകയില്‍ ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രചാരണം ശക്തമാക്കിയ തെരഞ്ഞെടുപ്പിന്റെ ഫലം ദേശീയരാഷ്ടീയത്തിലും പ്രതിചലനങ്ങളുണ്ടാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപതിലധികം റാലികളാണ് പ്രചാരണ കാലയളവില്‍ പങ്കെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണവേളകളില്‍ നിറഞ്ഞുനിന്നു.

224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 5.21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ശന സുരക്ഷയില്‍ 58,284 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ബിജെപിക്കായി 224 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിനായി 223 സ്ഥാനാര്‍ത്ഥികളും ജെഡിഎസിനായി 207 സ്ഥാനാര്‍ത്ഥികളുമാണ് മത്സര രംഗത്തുള്ളത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എബിപി ന്യൂസ്- സി വോട്ടര്‍ അന്തിമ അഭിപ്രായ സര്‍വേ ഫലം ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 110 മുതല്‍ 122 വരെ സീറ്റുകള്‍ നേടുമെന്നും അഭിപ്രായ സര്‍വേ ചൂണ്ടിക്കാട്ടി. 224 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കോണ്‍ഗ്രസിന് 40.2 ശതമാനം വോട്ട് ലഭിക്കുമെന്നും മുന്‍ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 2.2 ശതമാനം വര്‍ധനവാണ് വോട്ട് വിഹിതത്തില്‍ പ്രതീക്ഷിക്കുന്നതെന്നും സര്‍വേ പറയുന്നു. ഭരണകക്ഷിയായ ബിജെപിക്ക് 73- 85 സീറ്റുകളേ ലഭിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്.