LogoLoginKerala

കർണാടകയിലെ 224 മണ്ഡലങ്ങളിലും കടുത്ത മത്സരത്തിന് കളമൊരുങ്ങി

 
Karnataka
ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ വീര്യം കൂട്ടാൻ ഒപ്പത്തിനൊപ്പം ജെഡിഎസ്സും

ബാംഗ്ലൂർ - നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 
വാശിയേറിയ മത്സരം ഉറപ്പായി. ബിജെപി ക്കും കോൺഗ്രസ്സിനും ഒപ്പം ഭൂരിഭാഗം സീറ്റുകളിലും ജെഡിഎസ്സും മത്സരിക്കുന്നുണ്ട്. വികസനവും അഴിമതിയുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം.

കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലും കടുത്ത മത്സരത്തിന് കളമൊരുങ്ങി. നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി ചിത്രവും വ്യക്തമായി. ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ വീര്യം കൂട്ടാൻ ഒപ്പത്തിനൊപ്പം ജെഡിഎസ്സും ഉണ്ടാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർത്ഥികളെയാണ് ജെഡിഎസ് രംഗത്തിറക്കിയത്. ബിജെപിയുടെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഷിഗ്ഗാവോണിലാണ്
മുഖ്യമന്ത്രി ബസവരാജ് ബൊമൈ വീണ്ടും ജനവിധി തേടുന്നത്.  കോൺഗ്രസിന്റെ പടക്കുതിര ഡി കെ ശിവകുമാർ ഈ തവണയും മത്സരിക്കുന്നത് കനകപുരയിൽ തന്നെ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ വരുണയിലും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയിലുമാണ് മത്സരിക്കുന്നത്. ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ ജഗദീഷ് ഷട്ടർ ഹുബ്ലി-ധാർവാഡ് സെൻട്രലിലും ലക്ഷ്മൺ സാവദി അത്താണിയിലുമാണ് ജനവിധി തേടുന്നത്.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സർക്കാറിന് എതിരെയുള്ള അഴിമതി ആരോപണങ്ങളാണ് പ്രചാരണ ആയുധമാക്കുന്നത്. കർഷകരോടുള്ള ബിജെപി സർക്കാറിന്റെ അവഗണനയും പ്രതിപക്ഷം ചർച്ചയാക്കിയതോടെ എക്സ്പ്രസ് ഹൈവേ ഉൾപ്പെടെ വികസന നേട്ടങ്ങൾ നിരത്തിയാണ് ബിജെപി വോട്ട് നേടുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളും അക്കമിട്ട് നിരത്തുന്നുണ്ട് ബിജെപി. അതേസമയം ലിംഗായത്ത് വിഭാഗത്തിന്റെ നിലപാട് ഈ തവണയും തെരഞ്ഞെടുപ്പിൽ നിർണായകമാകും. ബിജെപിക്ക് ഒപ്പമുള്ള ലിംഗായത്ത് വിഭാഗക്കാരായ ജഗദീഷ് ഷട്ടർ, ലക്ഷമൺ സാവദി എന്നിവരുടെ കൂടുമാറ്റമാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

കോൺഗ്രസ് പ്രചാരണത്തിന് ദേശീയ നേതൃനിരയെത്തും

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കൾ എത്തും.. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് മൈസൂരു, ചാമരാജ് നഗർ എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. നാളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണാടകയിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.