LogoLoginKerala

ബ്രഹ്മപുരം കടമ്പ്രയാറിന്റെ അന്തകനാകുമോ ?

മാലിന്യേ കേന്ദ്രത്തിൽ നിന്ന് രാസാവശിഷ്ടങ്ങൾ പുഴയിലേക്ക്
 
Kadambrayar brahmapuram
രാജ്യത്തെ ഏറ്റവും മലിനമായ നദികളിലൊന്നായ കടമ്പ്രയാർ 'സ്മാർട്ട് കൊച്ചി'ക്ക് അപമാനമായി മാറുന്നു.

കൊച്ചി - ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടുത്തം ഇതിനോട് ചേർന്നൊഴുകുന്ന കടമ്പ്രയാറിനെയും ചിത്രപ്പുഴയെയും വിഷമയമാക്കുമെന്ന് ആശങ്ക. തീയണക്കാൻ വലിയ അളവിൽ പമ്പ് ചെയ്യുന്ന വെള്ളത്തോടൊപ്പം അവശിഷ്ടങ്ങളിൽ നിന്നുള്ള രാസ മാലിന്യങ്ങൾ പുഴയിലേക്ക് ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വേനൽമഴ കൂടി വരുന്നതോടെ അഗ്നിബാധയിൽ  കത്തിയെരിഞ്ഞുണ്ടാകുന്ന രാസാവശിഷ്ടങ്ങൾ വലിയ തോതിൽ കടമ്പ്രയാറിലേക്കും അവിടെ നിന്ന് ചിത്രപ്പുഴയിലേക്കും എത്തിച്ചേരും. ബ്രഹ്മപുരത്തെ പുക പ്രാണവായുവിനെ വിഷമയമാക്കുന്നതു പോലെ തന്നെ ഗുരുതരമായ പ്രത്യാഘാതമാകും ജലസ്രോതസ്സുകൾ മലിനമാകുന്നതിലൂടെ സംഭവിക്കുക.

തൃക്കാക്കര നഗരസഭാ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സായ കടമ്പ്രയാർ
രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയിലാണ് കടമ്പ്രയാർ ഉള്ളത്. ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള ദ്രാവകങ്ങളും സ്വീവേജ് മാലിന്യവും ഖരമാലിന്യവുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം. ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള മാലിന ജലം നിരന്തരമായി ഒഴുകി വരുന്നതിനാൽ കറുത്ത് ഇരുണ്ടാണ് കടമ്പ്രയാറിൽ വെള്ളമൊഴുകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന്‌ വാഹനങ്ങളിൽ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ബ്രഹ്മപുരം പാലത്തിനടുത്താണ് ഒഴുക്കിവിടുന്നത്. അറവുമാലിന്യവും സെപ്റ്റിക് ടാങ്ക് മാലിന്യവും തള്ളാൻ കടമ്പ്രയാറിന്റെ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. കിറ്റക്സ് അടക്കം എടത്തല, കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായശാലകളിലെ മാലിന്യവും രാസമാലിന്യവും ക്രഷർ മാലിന്യവും കൈവഴികൾ വഴി കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. ചാക്കുകളിലാക്കി മാലിന്യം കൊണ്ടുവന്ന്‌ തള്ളുകയും ചെയ്യുന്നുണ്ട്. 

Kadambrayar


27 കി.മീ. നീളമുള്ള പുഴയ്ക്ക് പതിനാലോളം കൈവഴികളുണ്ട്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തുകളും തൃപ്പൂണിത്തുറ, തൃക്കാക്കര തുടങ്ങിയ മുനിസിപ്പാലിറ്റികളും ഇൻഫോപാർക്കും വ്യവസായശാലകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. ഐ ടി ഹബ്ബ് എന്നവകാശപ്പെടുന്ന സ്മാർട്ട് കൊച്ചിക്ക് അപമാനമായി മാറുകയാണ് കടമ്പ്രയാറിന്റെ മലിനീകരണം.