LogoLoginKerala

വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന വാദവുമായി വിദ്യ, കേസ് അട്ടിമറിക്കാന്‍ നീക്കം

 
k vidya

കൊച്ചി-മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന കേസ് വഴിതിരിച്ചുവിടാന്‍ പ്രതിയായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ ശ്രമം. അട്ടപ്പാടി ആര്‍ജിഎം ഗവ. കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുവേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് വിദ്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. യഥാര്‍ഥ തെളിവ് നശിപ്പിച്ച് തന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയുമായി രംഗത്തുവരാനാണ് കെ വിദ്യയുടെ ശ്രമമെന്നാണ് സൂചന. 

തന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി പോലത്തെ ഒന്ന് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണുള്ളത്. അതല്ലാതെ വേറൊന്നും അതുമായി ബന്ധപ്പെട്ട് കണ്ടിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞാനും അന്വേഷിക്കുകയാണെന്നും വിദ്യ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുമ്പോഴാണ് അങ്ങനെ ഒരു രേഖയിട്ടില്ലെന്ന വാദം വിദ്യ ഉയര്‍ത്തുന്നത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന വിദ്യയുടെ നീക്കം അന്വേഷണം പുതിയ ദിശയിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. താന്‍ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന നിലപാട് വിദ്യ എടുക്കുന്നത് ഇത് മറ്റാരോ തന്നെ അപകീര്‍ത്തിപ്പെടുത്താനും കുടുക്കാനുമായി കെട്ടിച്ചമച്ചതാണെന്ന വാദവുമായി രംഗത്തു വരുന്നതിന്റെ മുന്നോടിയായി കണക്കാക്കപ്പെടുന്നു. തന്റെ പേരില്‍ വ്യാജരേഖ ചമച്ചവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം വിദ്യ ഉയര്‍ത്താനും സാധ്യതയുണ്ട്. 

ഇത്തരമൊരു വാദമുയര്‍ത്തിയാല്‍ കേസിന്റെ മുനയൊടിക്കാന്‍ വിദ്യക്ക് കഴിയും. ആരോപണമുയര്‍ന്ന് ദിവസങ്ങളായിട്ടും ആരോടും പ്രതികരിക്കാതെ നിശബ്ദത പാലിച്ച വിദ്യയുടെ ഇപ്പോഴത്തെ രംഗപ്രവേശനം വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിലയിരുത്തപ്പെടുന്നു. 

മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റാണ് അട്ടപ്പാടി കോളേജിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് കോളേജ് അധികൃതര്‍ക്ക് സംശയം തോന്നുകയും സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് അയച്ചുനല്‍കുകയുമായിരുന്നു. അദ്ദേഹം പരാതി നല്‍കിയതോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അട്ടപ്പാടി പോലീസിന് കൈമാറുകയായിരുന്നു.  

2018 ജൂണ്‍ നാല് മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസില്‍ ലക്ചര്‍ ആയിരുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജരേഖയാണ് വിദ്യ അട്ടപ്പാടി കോളേജില്‍ ഹാജരാക്കിയത്.ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ വിജയന്‍ മഹാരാജാസിലെ പിജി വിദ്യാര്‍ത്ഥിയായിരുന്നു.