മുഖ്യമന്ത്രിയെ ന്യായീകരിച്ച് എംവി ഗോവിന്ദന്‍ സ്വയം അപഹാസ്യനാവുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം- എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗോവിന്ദന്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തില്‍ കെല്‍ട്രോണ്‍ മാത്രമല്ല സര്‍ക്കാരും മറുപടി പറയണം. മുഖ്യമന്ത്രിയും പ്രകാശ് ബാബുവും തമ്മിലുള്ള ബന്ധമെന്താണെന്ന് ഒരു സിപിഎം നേതാവും പറയുന്നില്ല. ക്യാമറ സ്ഥാപിക്കാന്‍ കരാര്‍ ലഭിച്ച കമ്പനികളെല്ലാം പരസ്പര സഹകരണ തട്ടിക്കൂട്ട് കമ്പനികളാണെന്ന് പുറത്തുവന്നിരിക്കുകയാണ്. എഐ ക്യാമറയ്ക്കായുള്ള ടെണ്ടര്‍ നടപടികളില്‍ മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളെ പങ്കെടുപ്പിക്കാതിരുന്നതും സിപിഎമ്മുമായി ബന്ധമുള്ള കമ്പനികള്‍ മാത്രം പങ്കെടുത്തതും അഴിമതി ലക്ഷ്യം വെച്ചാണ്. ഇത് ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രസാഡിയോ സിപിഎമ്മിന് നല്‍കിയ സംഭാവന അഴിമതിക്കുള്ള പ്രത്യുപകാരമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കരാറിന്റെ ഒരു ഭാഗത്താണ് അഴിമതിയുള്ളതെന്നും മറു ഭാഗത്ത് അഴിമതിയില്ലെന്നുമുള്ള ഗോവിന്ദന്റെ പ്രസ്താവന മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഒരു പദ്ധതിയുടെ 90ശതമാനവും അടിച്ചുമാറ്റുന്ന ഏക സംസ്ഥാനമാണ് കേരളം. അഴിമതിയല്ലാതെ മറ്റൊന്നും കേരളത്തില്‍ നടക്കുന്നില്ല. അഴിമതി സംഖ്യയുടെ കാര്യത്തില്‍ മാത്രമേ ഇവിടെ തര്‍ക്കമുള്ളൂ. അഴിമതി നടന്നത് പകല്‍ പോലെ വ്യക്തമാണ്. പിണറായി വിജയന്‍ പ്രൈവറ്റ് കമ്പനിയായി സിപിഎം മാറി കഴിഞ്ഞു. കടുംവെട്ടാണ് മുഖ്യമന്ത്രിയും സംഘവും നടത്തുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.