LogoLoginKerala

'സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇഡിയുടെ സഹായം വേണ്ട', എം വി ഗോവിന്ദന് കെ സുരേന്ദ്രന്റെ മറുപടി

 
k surendran

രുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ സുരേഷ്‌ഗോപിക്കും ബി.ജെ.പിക്കും വിശ്രമമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സഹകരണ തട്ടിപ്പു വിഷയത്തില്‍ സുരേഷ് ഗോപി പദയാത്ര നടത്തുന്നതാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്. സുരേഷ് ഗോപി ഈ വിഷയത്തില്‍ കാലങ്ങളായി നിലപാട് സ്വീകരിച്ചു വരികയാണ്. അതെന്താ സുരേഷ് ഗോപിക്ക് പദയാത്ര നടത്താന്‍ അര്‍ഹതയില്ലേയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

തൃശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ ഇഡി കളമൊരുക്കുകയാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കരുവന്നൂരില്‍ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്‌ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ എല്ലാ ജില്ലകളിലും തട്ടിപ്പുണ്ട്. അവിടെയെല്ലാം സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പണം കവര്‍ന്ന കള്ളന്‍മാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങള്‍ക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബി.ജെ.പി പോരാട്ടം അവസാനിപ്പിക്കില്ല. ബി.ജെ.പിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയാത്രയില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. സഹകരണ മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനുമാണ് സുരേഷ്‌ഗോപി പദയാത്ര നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്റെ അടിത്തറ. അഴിമതിക്കെതിരെ പോരാടുന്നതും പാവപ്പെട്ട സഹകാരികളാണ്. അഴിമതി പുറത്തെത്തിച്ചത് മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല. കരുവന്നൂരിലെ നിക്ഷേപകരാണ്. അവര്‍ ആദ്യമായി പരാതി കൊടുത്തത് സി.പി.എമ്മിനാണ്. എന്നാല്‍ പാര്‍ട്ടി അവരെ ചതിച്ചു. അന്വേഷണ ഏജന്‍സികളെ സമീപിക്കേണ്ടി വന്നപ്പോള്‍ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു സംസ്ഥാന ഏജന്‍സികള്‍ ചെയ്തത്. കരുവന്നൂര്‍ സമരം സുരേഷ്‌ഗോപിക്ക് വഴിയൊരുക്കാനല്ല. പാവപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനാണ്. സുരേഷ്‌ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പിക്ക് ഇഡിയുടെ സഹായം ആവശ്യമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.