LogoLoginKerala

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ ഹൈക്കോടതിയിലേക്ക്

 
monson mavungal

കൊച്ചി- പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയാക്കിയത് ചോദ്യം ചെയ്ത് കെ സുധാകരന്‍ ഹൈക്കോടതിയിലേക്ക്. ക്രൈംബ്രാഞ്ച് നാളെ സുധാകരനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കെയാണ് കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

പുരാവസ്തു തട്ടിപ്പുമായി ഒരു ബന്ധവുമില്ലാത്ത തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നാണ് സുധാകരന്റെ വാദം. മോന്‍സണ്‍ മാവുങ്കലിനെ കണ്ടത് ഒരു ഡോക്ടര്‍ എന്ന നിലയിലാണെന്നും മറ്റൊരു ബന്ധവും തനിക്കില്ലെന്നുമാണ് സുധാകരന്റെ നിലപാട്.

എന്നാല്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പുരാുവസ്തു തട്ടിപ്പിനിരയായി കോടികള്‍ നഷ്ടപ്പെട്ട പരാതിക്കാര്‍ ഇടപാട് ഉറപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നു. സുധാകരന്റെ കൂടി ഉറപ്പിലാണ് പണം മുടക്കിയതെന്നാണ് പരാതിക്കാര്‍ നല്‍കിയിട്ടുള്ള മൊഴി. സുധാകരന്റെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്. ഇവര്‍ നല്‍കിയ പരാതിയില്‍ കെ സുധാകരന്റെ പങ്ക് വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

കണ്ണിന്റെ ചികിത്സക്കാണ് മോന്‍സണ്‍ മാവുങ്കലിനെ കാണാനെത്തിയതെന്നാണ് സുധാകരന്‍ വിശദീകരിക്കുന്നത്. ചികിത്സക്ക് എത്തിയ സുധാകരന്‍ എങ്ങനെ പണമിടപാടിന്റെ ഭാഗമായി എന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് സുധാകരന്‍ നാളെ ഹാജരാകരണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.