LogoLoginKerala

10 ലക്ഷം കൈപ്പറ്റിയ കെ സുധാകരന്‍ ഡല്‍ഹിയില്‍ എല്ലാ സഹായവും ഉറപ്പു നല്‍കിയെന്ന് സാക്ഷി

 
k sudhakaran
കെ സുധാകരനും അദ്ദേഹത്തിന് 10ലക്ഷം നല്‍കിയെന്ന് പറയുന്ന അനൂപ് അഹമ്മദും മോന്‍സണ്‍ മാവുങ്കലും കൂടിക്കാഴ്ചയില്‍. അനൂപ് അഹമ്മദിനെ കണ്ടിട്ടില്ലെന്നാണ് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
 

കൊച്ചി- പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് 10 ലക്ഷം കൈപ്പറ്റിയ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ ഡല്‍ഹിയില്‍ എല്ലാ സഹായവും ചെയ്തു തരാമെന്ന് ഉറപ്പു നല്‍കിയെന്ന് കേസിലെ സാക്ഷിയായ മോന്‍സന്റെ ഡ്രൈവര്‍ അജി. പത്തു ലക്ഷം നല്‍കിയതിന് പിന്നാലെ കെ സുധാകരന്റെ ക്ഷണപ്രകാരം മോന്‍സനും പരാതിക്കാരനായ അനൂപ് വി അഹമ്മദുമടക്കമുള്ളവര്‍ ഡല്‍ഹിയില്‍ പോയതായി അജി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ തടസം നീക്കാനായി കെ സുധാകരന്‍ എം പി സഹായിക്കുമെന്നും ഇതിനായി അദ്ദേഹത്തിന് 25 ലക്ഷം നല്‍കണമെന്നും മോന്‍സണ്‍ അറിയിച്ചതനുസരിച്ചാണ് അനൂപ് വി അഹമ്മദ് 2018 നവംബര്‍ 22ന് മോന്‍സന്റെ വീട്ടില്‍ എത്തുന്നത്. അനൂപ് നല്‍കിയ 25 ലക്ഷം സുധാകരനുള്ളതാണെന്നാണ് ധരിപ്പിച്ചിരുന്നതെങ്കിലും 10 ലക്ഷം മാത്രമാണ് സുധാകരന് കൈമാറിയത്. 15 ലക്ഷം രൂപ മോന്‍സണ്‍ സ്വന്തമാക്കി. 10 ലക്ഷം കൈപ്പറ്റിയ സുധാകരന്‍ ഡല്‍ഹിയില്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരാമെന്ന് ഉറപ്പു നല്‍കി. പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട രേഖകള്‍ സുധാകരന്റെ സ്വാധീനമുപയോഗിച്ച് ശരിപ്പെടുത്തിത്തരുമെന്നാണ് അനൂപിന് ലഭിച്ച ഉറപ്പ്. അനൂപ് അതിന് മുമ്പ് തന്നെ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു മ്യൂസിയം പദ്ധതിക്കായി വന്‍തുക പലപ്പോഴായി നല്‍കിയിരുന്നു. എന്നാല്‍ കാര്യം നടക്കാതെ വന്നപ്പോള്‍ അനൂപ് ഇനി ഇങ്ങനെ പണം തരാന്‍ കഴിയില്ലെന്ന നിലപാടെടുത്തു. അപ്പോഴാണ് ഡല്‍ഹിയിലെ തടസം നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്ന ഉറപ്പു ലഭിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ സുധാകരനുമായി കൂടിക്കാഴ്ച നടത്തി പണം കൈമാറിയതും. 

ഡല്‍ഹിയില്‍ ബ്ലോക്കായി കിടക്കുന്ന ഫണ്ടിന്റെ കാര്യം മോന്‍സണ്‍ മാവുങ്കലും കെ സുധാകരനും തമ്മില്‍ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നതായി ഡ്രൈവറുടെ മൊഴിയിലുണ്ട്. ഇരുവരും ചായകുടിച്ചുകൊണ്ടിരിക്കുന്ന സമയത്തെല്ലാം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ബ്ലോക്കായി കിടക്കുന്ന ഫണ്ട് വരുന്നതോടെ താന്‍ ഭീമമായ സ്വത്തിന്റെ ഉടമയായി മാറുമെന്നാണ് മോന്‍സണ്‍ സുധാകരനെ ധരിപ്പിച്ചിരുന്നത്. ഈ ഫണ്ടിന്റെ പേര് പറഞ്ഞാണ് മോന്‍സണ്‍ പരാതിക്കാരായ ആറു പേരില്‍ നിന്നും ഭീമമായ തുക സ്വന്തമാക്കിയത്. 

ക്രൈംബ്രാഞ്ചിന് നല്‍കിയ അതേ മൊഴി മോന്‍സന്റെ ഡ്രൈവര്‍ അജി രണ്ട്് മാസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നല്‍കിയിട്ടുണ്ട്. കോടതിയിലും ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയുണ്ടായി.