കെ സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി- മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ വിട്ടയച്ചു.
കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരനായ അനൂഹ് മുഹമ്മദ് കൈമാറിയ 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയതിന്റെ വ്യക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. എന്നാല്‍ വ്യക്തമായ ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും മുന്നില്‍ വെച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ സുധാകരന് ഉത്തരമില്ലായിരുന്നു. പരാതിക്കാരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിച്ചും ചോദ്യം ചെയ്യലുണ്ടായി. തെളിവുകള്‍ നിരത്തിയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ സുധാകരന്‍ വിയര്‍ത്തതായി പരാതിക്കാര്‍ പറഞ്ഞു.
മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലുമാണ് ജാമ്യം അനുവദിച്ചത്. ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.
ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സന്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയെന്നും ഈ വിശ്വാസത്തില്‍ നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.