LogoLoginKerala

കേരളത്തിന്റെ ഇന്റര്‍നെറ്റിന് ഇനി പുതുവേഗം; കെ ഫോണ്‍ നാളെ നാടിന് സമര്‍പ്പിക്കും

 
k phone

തിരുവനന്തപുരം- കേരളത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് പുതുവേഗം നല്‍കുന്ന കെ ഫോണ്‍ പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് നാലിന് നിയമസഭാ കോംപ്ലക്‌സിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ ഫോണ്‍ കൊമേഴ്സ്യല്‍ വെബ്‌പേജ് ധനമന്ത്രി കെ എന്‍ ബാലഗോപാലും മൊബൈല്‍ ആപ്ലിക്കേഷന്‍ തദ്ദേശ മന്ത്രി എം ബി രാജേഷും ഉദ്ഘാടനം ചെയ്യും. കെ-ഫോണ്‍ മോഡം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അവതരിപ്പിക്കും. കെ -ഫോണ്‍ ഉപയോക്താക്കളുമായി മുഖ്യമന്ത്രി സംവദിക്കും.

ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീട്ടിലും മുപ്പതിനായിരത്തില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനത്തിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ആദ്യഘട്ടത്തില്‍ നിയമസഭാ മണ്ഡലത്തില്‍ 100 വീട്ടിലാണ് കണക്ഷന്‍. കേരളത്തിലുടനീളം 40 ലക്ഷത്തോളം കണക്ഷന്‍ നല്‍കാന്‍ അടിസ്ഥാന സൗകര്യം ഒരുക്കി. 20 എംബിപിഎസ് വേഗതയില്‍ മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. വേഗത വര്‍ധിപ്പിക്കാനുമാകും. 26,492 സര്‍ക്കാര്‍ ഓഫീസില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി. 17,354 ഓഫീസില്‍ കണക്ഷന്‍ നല്‍കി. ഈമാസം അവസാനത്തോടെ ലഭിച്ച പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനത്തിലും കണക്ഷന്‍ നല്‍കും. ഏഴായിരത്തിലധികം വീട്ടില്‍ കേബിളിട്ടു. ആയിരത്തിലധികം കണക്ഷന്‍ നല്‍കി. ആഗസ്തോടെ വാണിജ്യ കണക്ഷനിലേക്ക് കടക്കും. ആദ്യവര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷന്‍ നല്‍കാനാകും.

സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ-ഫോണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'എല്ലാവര്‍ക്കും ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്ന വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും കെ-ഫോണ്‍ വഴി സാധ്യമാകും. 1,548 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റര്‍ നീളമുള്ള വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് കെ-ഫോണ്‍. ഇതുവഴി ഹൈസ്പീഡ് ഇന്റര്‍നെറ്റ് മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാവും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ഇതുവഴി ഇന്റര്‍നെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റല്‍ ഡിവൈഡ് ലഘൂകരിക്കാനാകും.

30,438 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുകയും 17,155 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതല്‍ മുന്നേറാന്‍ കെ-ഫോണ്‍ പദ്ധതി കരുത്തു പകരുമെന്നതില്‍ സംശയമില്ല. ഭരണ നിര്‍വഹണത്തിന്റെ വേഗത്തിനും ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ഉറപ്പാക്കുന്നതിനും കെ-ഫോണ്‍ നല്‍കുന്ന മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വലിയ പിന്തുണ നല്‍കും.

ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കടുക്കുകയാണ് നാം. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റര്‍നെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും. വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കേരളസമൂഹത്തിന്റെ പ്രധാന കാല്‍വെയ്പാണ് കെ-ഫോണ്‍.'- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.