LogoLoginKerala

കൂട്ടം തെറ്റിയെത്തി കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

 
elephant

കൊച്ചി- പെരുമ്പാവൂര്‍ കോടനാട് ജനവാസമേഖലയിലെത്തിയ കാട്ടാന രാത്രി പൊട്ടക്കിണറ്റില്‍ വീണ് ചരിഞ്ഞു. നെടുംപാറ ദേവീ ക്ഷേത്രത്തിനു സമീപം മുല്ലശ്ശേരി തങ്കന്റെ പറമ്പിലെ കിണറ്റിലാണ് ആന വീണത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പിടിയാന കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നത്. എന്നാല്‍ നേരം പുലര്‍ന്നതോടെ അവശനിലയിലായ ആനയുടെ ചലനമറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറിന്റെ അരിക് ജെ സി ബി ഉപയോഗിച്ച് ഇടിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്.
ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവേ കൂട്ടംതെറ്റിയ പിടിയാന ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. കഴിഞ്ഞ കുറച്ചുദിവസമായി കോടനാട് മേഖലയില്‍ കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ട്. സാധാരണ പകല്‍സമയങ്ങളില്‍ ആനക്കൂട്ടം ജനവാസമേഖലയില്‍ തുടരാറില്ല. എന്നാല്‍, വേനല്‍ കടുത്തതോടെ പച്ചപ്പ് തേടി ആനകള്‍ രാത്രിയിലും ഇവിടെ തന്നെ തങ്ങുന്നതായി ജനങ്ങള്‍ പറയുന്നു. അതേസമയം, ആനക്കൂട്ടം ജനവാസമേഖലയില്‍ എത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. നിലവില്‍ വനവും ജനവാസമേഖലയും വേര്‍തിരിക്കാന്‍ ഒരു സംവിധാനവുമില്ല. അത് മുമ്പേ ചെയ്തിരുന്നെങ്കില്‍ ആന ഇവിടെയെത്തുന്ന സാഹചര്യമുണ്ടാവുമായിരുന്നില്ലെന്നും വനംവകുപ്പിന്റെ അനാസ്ഥയാണ് ഇതിനുകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.