വീണ്ടും പിളര്‍ന്നു, രാജി പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍, പുതിയ പാര്‍ട്ടിയുണ്ടാക്കും

വരാന്‍ പോകുന്നത് സെക്യുലര്‍ പാര്‍ട്ടി. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനം. ബിജെപിയോട് അയിത്തമില്ല.
കൊച്ചി- കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന്റെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ച് ജോണി നെല്ലൂര്‍. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. രാജി കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് ഇന്നലെ തന്നെ അയച്ചു. യുഡിഎഫില്‍ നിന്നുള്ള രാജികത്ത് വി ഡി സതീശനും അയച്ചു.
തന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ മൂന്നോ നാലോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും നിലവിലെ പാര്‍ട്ടികളിലൊന്നും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജോണി നെല്ലൂര്‍ എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രൈസ്തവ പാര്‍ട്ടി വരുമെന്നാണ് പ്രചാരണമെന്നും എന്നാല്‍ വരാന്‍ പോകുന്നത് സെക്യുലര്‍ പാര്‍ട്ടിയാകുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനം. പ്രഖ്യാപന സമയത്ത് പാര്‍ട്ടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയായി നിയോഗിച്ചത്. അന്നത്തെ ഘടകക്ഷികളോടുള്ള പരിഗണനയും സഹകരണവും സമീപനവും ഇന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ഇന്നത്തെ നേതാക്കള്‍ ആത്മപരിശോധന നടത്തണം. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോണ്‍ഗ്രസുകാരനാണ്. കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗമാണ്. ഇക്കാലമത്രയും തന്നെ സ്നേഹിക്കുകയം പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനത്തെ മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി അറിയിക്കുന്നു. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ എന്നെ അകമഴിഞ്ഞ് സഹായിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകരെ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഭാവി നീക്കമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. റബ്ബറിന് 300 രൂപയെങ്കിലും വില നല്‍കണമെന്നാണ് തന്റെ നിലപാടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതുമായി തനിക്ക് ബന്ധമില്ലെന്നും ജോണി നെല്ലൂര്‍ വിശദീകരിച്ചു.