LogoLoginKerala

ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടിയുമായി ബി ജെ പി മുന്നണിയിലേക്ക്

 
johny nellur

കൊച്ചി-മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ യു ഡി എഫിലെ ഒരു വിഭാഗം ബി ജെ പി മുന്നണിയിലേക്ക്. ജോണി നെല്ലൂരിന്റെ രാജി പ്രഖ്യാപനം ഇന്നുണ്ടാകും. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടക്കുകയാണ്. നാഷ്ണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പുതിയ സംഘടനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും മുന്‍ ഉടുമ്പുഞ്ചോല എംഎല്‍എ മാത്യു സ്റ്റീഫനും പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് കേരള കോണ്‍ഗ്രസുകളില്‍ നിന്നുള്ള ചില നേതാക്കള്‍ കൂടി പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നറിയുന്നു. ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ ഈ ലിസ്റ്റിലുണ്ട്. വരും ദിനങ്ങളില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവരും.
വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. സീറോ മലബാര്‍ സഭയുടെ അനുഗ്രഹാശിസുകള്‍ പുതിയ നീക്കത്തിനുണ്ട്. കേന്ദ്ര സര്‍ക്കാരും ബി ജെ പിയുമായി ബന്ധപ്പെടുന്നതിന് ഒരു പാലം നിര്‍മിക്കണമെന്ന് ചിന്തിക്കുന്ന ക്രൈസ്തവ സംഘടനകളും സഭകളും പുതിയ പാര്‍ട്ടിയെ പിന്തുണക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഓപറേഷന്‍ താമര ബിജെപി നടപ്പാക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. യു ഡി എഫ് ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനെ പിളര്‍ത്തി ജോണി നെല്ലൂരിനെ ഒപ്പം നിര്‍ത്തുന്നതു വഴി കോണ്‍ഗ്രസിന് വീണ്ടുമൊരു തിരിച്ചടി നല്‍കാനാണ് ബി ജെ പി ശ്രമം. പ്രധാനമന്ത്രിയുമായി ഇവര്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും.