LogoLoginKerala

25,000 കോടിയുടെ മയക്കുമരുന്ന് എത്തിയത് ഡ്രഗ് ജിഹാദിനു വേണ്ടിയെന്ന് ആര്‍ എസ് എസ്

 
drug jihad

ഡല്‍ഹി-പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നത് ഡ്രഗ് ജിഹാദിന്റെ ഭാഗമാണെന്ന് സംഘപരിവാര്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ 25,000 കോടി വിലയുള്ള മയക്കുമരുന്ന് എത്തിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും ഡ്രഗ് ജിഹാദിന്റെയും ഭാഗമാണെന്ന് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറാണ് ആരോപിച്ചത്. ഇത്തരത്തില്‍ മയക്കുമരുന്ന് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

ഹാജി സലിം നേതൃത്വം നല്‍കുന്ന ശൃംഖലയുടേതാണ് മയക്കുമരുന്ന് ശേഖരമെന്നത് തീവ്രവാദ ബന്ധത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് ബി ജെ പി മുഖപത്രമായ ജന്‍മഭൂമിയും പറയുന്നു. ദാവൂദ് ഇബ്രഹിമുമായിപ്പോലും അടുത്ത ബന്ധം പുലര്‍ത്തുന്ന ഹാജി സലിം ജമ്മു കശ്മീരിലേക്ക് ഭീകരരെ പറഞ്ഞയക്കുന്നതിലും ഏര്‍പ്പെടാറുണ്ടെന്നാണ് ആരോപണം. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐയുമായും ലഷ്‌കര്‍ ഇ ത്വയിബയുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായി ആരോപിക്കപ്പെടുന്നു.

ലൗ ജിഹാദിന് പിന്നാലെ സംഘപരിവാര്‍ സമാനമായി ഉയര്‍ത്തുന്ന ആരോപണമാണ് കേരളത്തിലെ നാര്‍ക്കോട്ടിക് ജിഹാദ്.  രാജ്യത്ത് പൊതുവെയും കേരളത്തില്‍ വിശേഷിച്ചും നടക്കുന്ന വന്‍ മയക്കുമരുന്ന് വ്യാപാരത്തിന് പിന്നില്‍ ജിഹാദ് ഭീകരരാണെന്നത് ഓര്‍ഗനൈസര്‍ പോലുള്ള മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ മയക്കു മരുന്നിന് അടിമയാക്കി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് നാര്‍ക്കോട്ടിക് ജിഹാദ് ആരോപണമുയര്‍ത്തുന്നവര്‍ പറയുന്നത്. ക്രൈസ്തവ സഭാ നേതൃത്വങ്ങളും ഈ ആരോപണം ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പാക്കിസ്ഥാനില്‍ നിന്നും അഫ്ഹഗാനിസ്ഥാനില്‍ നിന്നും മയക്കുമരുന്ന് എത്തിക്കുന്നത് ഡ്രഗ് ജിഹാദിനാണെന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നത്.