LogoLoginKerala

18 യുവതികളെ ഉപയോഗിച്ച് 10 കോടിയുടെ സ്വര്‍ണം കടത്തിയ ജ്വല്ലറി ഉടമ അറസ്റ്റില്‍

 
gold

മുംബൈ- പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഡി ആര്‍ ഐ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ മാസം 25ന് യുഎഇയില്‍ നിന്ന് 3 വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ മുംബൈയില്‍ വിമാനം ഇറങ്ങിയത്. പേസ്റ്റ് രൂപത്തിലുള്ള 16.36 കിലോഗ്രാം സ്വര്‍ണ്ണവും സ്വര്‍ണ്ണ കട്ടികളും ആഭരണങ്ങളുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. 10.16 കോടി രൂപയാണ് സ്വര്‍ണത്തിന്റെ ഏകദേശ മൂല്യം. യുഎഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി പറന്ന യാത്രക്കാരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഡിആര്‍ഐ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 88 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും കണ്ടെടുത്തു. കമ്മീഷന്‍ അടിസ്ഥാനത്തില്‍ യാത്ര ചെയ്ത കാരിയര്‍മാരായിരുന്നു സുഡാനികള്‍. അവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണ്. പിടിക്കപ്പെട്ടവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് കള്ളക്കടത്ത് സൂത്രധാരന്‍മാരായ മലയാളി ജ്വല്ലറി ഉടമകളിലേക്കെത്തിച്ചത്.