LogoLoginKerala

അമ്പിളിയെ തൊട്ട് ഇന്ത്യ ; അഭിമാനം ചന്ദ്രനോളം

ചന്ദ്രയാൻ-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി
 
Chandrayaan
ആദിത്യയാൻ ദൗത്യമാണ് ഇനി മുന്നിലുള്ളതെന്ന് പ്രധാനമന്ത്രി 

140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ സഫലമാക്കി വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി.. രാജ്യം ചാന്ദ്രശോഭയിൽ തിളങ്ങി. ചന്ദ്രോപരിതലത്തിൽ ഇന്ത്യ പതാകയുമായി ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂർണ വിജയം. ഏതൊരു ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ഐഎസ്ആർഒ . അതും ചന്ദ്രന്റെ ദക്ഷിണദ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്രം കുറിച്ച്..ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടക്കമായത്. പേടകത്തിനടിയിലെ നാല് 800 N ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് വേഗത കുറച്ചു. സെക്കൻഡിൽ 1.68 കിലോമീറ്റർ എന്ന വേഗത്തിൽ നിന്ന് സെക്കൻഡിൽ 358 മീറ്റർ എന്ന വേഗത്തിലേക്ക് 690 സെക്കൻഡ് കൊണ്ട് പേടകമെത്തി. ഒടുവിൽ കോടിക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാൻ 3 ചാന്ദ്രോപരിതലം തൊട്ടു...

ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ റോവർ, പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കിയത്.

വെള്ളിയാഴ്ച ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ്  വെർച്വലായി തൽസമയം കണ്ടു. ദൗത്യം വിജയമായതിന്റെ സൂചനകൾ ലഭിച്ചതും ത്രിവർണ പതാക വീശിയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കിട്ടത്. സഹപ്രവര്‍ത്തകരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇ സോമനാഥ് അഭിനന്ദിച്ചു. അവസാന സെക്കന്‍ഡില്‍ കൈവിട്ടുപോയ ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇസ്റോ ചന്ദ്രയാന്‍ മൂന്നിന് തയാറെടുപ്പകൾ നടത്തിയത്. എല്ലാ നീക്കങ്ങളും പൂർണ വിജയമായി..മലയാളിയായ വി സോമനാഥിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ കഠിനപ്രയത്നത്തിൽ കേരളത്തിനും ഏറെ അഭിമാനിക്കാം.

ഇതോടെ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ചരിത്രം കുറിച്ചു. ആദിത്യയാൻ ദൗത്യമാണ് ഇനി മുന്നിലുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. സൂര്യനും വ്യാഴവുമാണ് ഇനി ലക്ഷ്യം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയും ഉടനുണ്ടാകും.