LogoLoginKerala

ചൈനയെ മറികടന്ന് ഇന്ത്യ, ജനസംഖ്യ 142.8കോടി, അഭിമാനിക്കൂവെന്ന് യു എന്‍

 
population

നസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്. പുതിയ കണക്കുകള്‍ അനുസരിച്ച് ചൈനയെക്കാള്‍ 30 ലക്ഷം മനുഷ്യര്‍ ഈ വര്‍ഷം പകുതിയോടെ ഇന്ത്യയിലുണ്ടാകും. ഐക്യരാഷ്ട്രസഭാ പോപ്പുലേഷന്‍ ഫണ്ട് 1978 മുതല്‍ എല്ലാവര്‍ഷവും പുറത്തിറക്കുന്ന സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തുന്നത്. സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം പകുതിയോടെയാകും ഇന്ത്യ ചൈനയെ മറികടക്കുക.
ചൈനീസ് ജനസംഖ്യ 142.5 കോടിയാകുമ്പോള്‍ 30 ലക്ഷം മനുഷ്യര്‍ കൂടി കൂടുതലുള്ള ഇന്ത്യ 142.8 കോടി ജനസംഖ്യയുള്ള രാജ്യമായി മാറും. ഉത്പാദനക്ഷമതയുള്ള പ്രായക്കാരില്‍ മൂന്നില്‍ രണ്ടുപേരും ഇന്ത്യക്കാരാണ്. 15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള, ഉത്പാദനക്ഷമമെന്ന് വിളിക്കാവുന്ന പ്രായക്കാരില്‍ 68 ശതമാനം പേരും ഇന്ത്യക്കാരാണ്. മൂന്നില്‍ രണ്ട് പേര്‍. ഇന്ത്യയുടെ പ്രത്യുത്പാദനനിരക്കും രണ്ട് കുട്ടികള്‍ എന്ന കണക്കില്‍ തുടരുകയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 74 വയസ്സായും പുരുഷന്മാര്‍ക്ക് 71 വയസായും വര്‍ദ്ധിച്ചിട്ടുമുണ്ട്.
ജനസംഖ്യാവര്‍ദ്ധനവിനെ പേടിപ്പെടുത്തുന്നതായി വ്യാഖ്യാനിക്കരുതെന്നും സ്ത്രീത്വത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ട് യുഎന്‍എഫ്പിഎ ആവശ്യപ്പെടുന്നുണ്ട്. ലോകത്തിന്റെ ജനസംഖ്യ 800 കോടിയില്‍ എത്തുമ്പോള്‍ ഇന്ത്യയുടെ സാധ്യത 140 കോടിയാണെന്നതില്‍ അഭിമാനിക്കാമെന്ന് യുഎന്‍എഫ്പിഎ ഇന്ത്യ പ്രതിനിധി ആന്‍ഡ്രിയ വോയ്നറും വ്യക്തമാക്കുകയാണ്. 800 കോടി മനുഷ്യര്‍, അനന്തമായ സാധ്യതകള്‍ എന്ന തലക്കെട്ട് നല്‍കിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.