LogoLoginKerala

ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് അവര്‍ പറഞ്ഞു, മറക്കില്ലൊരിക്കലും

 
lkj

കൊച്ചി: നിര്‍ധനരായ 100 രോഗികള്‍ക്ക് സൗജന്യ ആന്‍ജിയോപ്ലാസ്റ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'ഹൃദയത്തില്‍ ഹൈബി ഈഡന്‍'  പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമത്തില്‍ ചടങ്ങിനൊടുവില്‍ നന്ദി പറയാന്‍ ഗുണഭോക്താക്കളിലൊരാളെ ക്ഷണിച്ചപ്പോള്‍ ഒരു സാധാരണ നന്ദി പറച്ചിലായി മാത്രമേ ഹൈബി ഈഡന്‍ എം.പി യും  കരുതിയിരുന്നുള്ളു. പക്ഷെ നന്ദി പറയാന്‍ വേദിയിലെത്തിയ ആളെ കണ്ട് ഹൈബി ഈഡന്‍ അമ്പരന്നു. തേവര എസ് എച്ച് കോളേജില്‍ തന്റെ സഹപാഠിയായിരുന്ന മുഹ്സിന്‍ അസീസ് ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനായി നന്ദി പറയാന്‍ വാക്കുകളില്ലാതെ വിതുമ്പിയപ്പോള്‍ ഹൈബിക്കും പിടിച്ചു നില്‍ക്കാനായില്ല. 

hibee

ഹൃദ്രോഗ ബാധിതനായി ചികിത്സയ്ക്ക് പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ഹൈബി ഈഡന്‍ എം പിയുടെ സൗഖ്യം ചാരിറ്റബിള്‍ ട്രസ്റ്റും ഇന്ദിരാഗാന്ധി ആശുപത്രിയുമായും കാരുണ്യ ഹൃദയാലയയുമായി സഹകരിച്ച് ബി പി സി എല്ലിന്റെ സി എസ് ആര്‍ പിന്തുണയോടെ സൗജന്യ ആന്‍ജിയോപ്ലാസ്റ്റി നടത്തുന്ന വിവരം മുഹ്സിന്റെ ഭാര്യ അറിയുന്നത്. അങ്ങനെയാണ് സൗജന്യ ആന്‍ജിയോപ്ലാസ്റ്റിക്ക് മുഹ്സിന്റെ പേരും ഉള്‍പ്പെടുന്നത്. ഇന്ദിരാഗാന്ധി ആശുപത്രിയിലെ ചികിത്സയെ കുറിച്ചും ഹൈബി ഈഡന്‍ എം പിയുടെ സഹായത്തെ കുറിച്ചും പറയവേ വാക്കുകള്‍ മുറിഞ്ഞ മുഹ്സിനെ കെട്ടിപ്പിടിച്ച് ഹൈബി ഈഡന്‍ ആശ്വസിപ്പിച്ചപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണ് നിറഞ്ഞു.

hj

സൗജന്യ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയമായി പുതു ജീവിതത്തിലേക്ക് തിരിച്ചെത്തിയ നൂറ്  പേരുടെ സംഗമമാണ് കൊച്ചിയില്‍ നടന്നത്. ഹൃദയം കൊണ്ടവര്‍ ഡോക്ടര്‍മാര്‍ക്കും ഹൈബി ഈഡന്‍ എം പിക്കും നന്ദി പറഞ്ഞു. നടന്‍ സിദ്ധീഖ് സംഗമം ഉദ്ഘാടനം ചെയ്തു. ചികിത്സയ്ക്ക് പണം തേടി ആരും നടക്കേണ്ടി വരരുതെന്ന് അദ്ദേഹം പറഞ്ഞു. പുനര്‍ജ്ജന്മം കൊടുക്കുന്നതിനു തുല്യമാണ് ചികിത്സാ സഹായം നല്‍കുന്നത്. പദ്ധതികള്‍ തുടങ്ങുന്നതില്‍ മാത്രമല്ല പൂര്‍ത്തീകരിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തുന്ന ജനപ്രതിനിധിയാണ് ഹൈബി ഈഡനെന്ന്  മുഖ്യാതിഥിയായി പങ്കെടുത്ത രമേഷ് പിഷാരടി പറഞ്ഞു.

അസുഖം വരുന്നത് ആരുടെയും തെറ്റല്ലന്നും ഇത്തരം പദ്ധതികള്‍ തുടരുമെന്നും ഹൈബി ഈഡന്‍ എം.പി പറഞ്ഞു.രോഗികളായ മനുഷ്യരാണ് ഏറ്റവുമധികം ഒരു ജനപ്രതിനിധിയുടെ അടുത്തേക്ക് വരുന്നത്. അതിനാലാണ് തുടര്‍ചികിത്സ കൂടി ഉറപ്പു നല്‍കുന്ന സൗഖ്യം മെഡിക്കല്‍ ക്യാമ്പിന് എല്ലാ വര്‍ഷവും  മുന്‍ഗണന നല്‍കുന്നതെന്നും ഹൈബി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

lkj

92 ലക്ഷം രൂപയാണ് പദ്ധതിക്കായി ബി പി സി എല്‍ നല്‍കിയത്. പദ്ധതിക് സഹായിച്ച ബി പി സി എല്‍, ഇന്ദിരാഗാന്ധി ആശുപത്രി, കാരുണ്യ ഹൃദയാലയ എന്നിവറീ ആദരിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരായവര്‍ക്കായി ഇന്ദിരാഗാന്ധി ആശുപത്രി നല്‍കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതരണോല്‍ഘാടനവും ചടങ്ങില്‍ നടന്നു.

അജയ് തറയില്‍ , ജോര്‍ജ് തോമസ്, വിനീത് എം വര്‍ഗീസ്, ഡോ.ജുനൈദ് റഹ്മാന്‍, ഡോ. നിജില്‍ ക്ലീറ്റസ്, ഡോ. സച്ചിദാനന്ദ കമ്മത്ത്, കാരുണ്യ ഹൃദയാലയ ഓപ്പറേഷന്‍സ് മാനേജര്‍ ഡോ.ഷറഫുദ്ദീന്‍, ഇ പി ജോര്‍ജ് , രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.