വ്യക്തിവൈരാഗ്യമോ ഹണിട്രാപ്പോ; ദുരൂഹത മാറാതെ ഹോട്ടലുടമയുടെ കൊലപാതകം

കോഴിക്കോട്- ശരീരം വെട്ടിനുറുക്കി കാട്ടിലുപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വ്യവസായി സിദ്ദീഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യമോ, പണമോ, ഹണിട്രാപ്പോ എന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന ഹോട്ടലില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തത് സിദ്ദീഖാണ്. എന്തിനാണ് സിദ്ദീഖ് രണ്ട് മുറികള്‍ ബുക്ക് ചെയ്തതെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നു. അന്വേഷണം ഫര്‍ഹാനയുടെ കുടുംബത്തിലേക്കും നീളുന്നതായാണ് സൂചന. ഫര്‍ഹാനയുടെ മാതാവ് ഫാത്തിമ പോലീസ് നിരീക്ഷണത്തിലാണ്.
രണ്ട് മുറികളിലൊന്ന് മരുമകള്‍ക്കാണ് എന്ന് പറഞ്ഞാണ് സിദ്ദീഖ് ബുക്ക് ചെയ്തത്. ഇതില്‍ ജി 3 മുറിയില്‍ ഷിബിലിയും ഫര്‍ഹാനയുമായിരുന്നു ഉണ്ടായിരുന്നത്. ജി 4ല്‍ സിദ്ദീഖും. ഈ മുറിയില്‍ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസമാണ് മൃതദേഹം പുറത്തേക്ക് മാറ്റുന്നത്. 19ന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ അത് സാധൂകരിക്കുന്നുണ്ട്. പ്രതികള്‍ പല തവണ പുറത്ത് പോയിരുന്നു. മുറിയെടുത്ത സിദ്ദീഖ് റൂം വിട്ട് പുറത്ത് പോയിട്ടില്ല.
ഫര്‍ഹാനയും ഷിബിലും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമായിട്ടില്ല. ഷിബിലിനെതിരെ നേരത്തെ ഫര്‍ഹാന നല്‍കിയ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായപ്പോള്‍ ഫര്‍ഹാനയുടെ പക്കല്‍ നിന്ന് പാസ്‌പോര്‍ട്ട്, 16,000 രൂപ, മൊബൈല്‍ ഫോണ്‍, പൂട്ടിയ സ്യൂട്ട് കേസ് എന്നിവ അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്. കൊലപാതകം നടന്നത് ഈ മാസം 18 നും 19 നും ഇടയിലാണെന്നും മൂന്നു പേര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും മലപ്പുറം എസ്.പി സുര്‍ജിത് ദാസ് വ്യക്തമാക്കി. കോഴിക്കോട് ഒളവണ്ണയില്‍ ചിക്ക് ബാക്ക് എന്ന പേരിലുള്ള ഹോട്ടലാണ് സിദ്ദീഖ് നടത്തിയിരുന്നത്. കൊലപാത കത്തിന് ശേഷം സിദ്ദീഖിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നാണ് പണം പ്രതികള്‍ പിന്‍വലിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 22 നാണ് മലപ്പുറം തിരൂര്‍ സ്വദേശി സിദ്ദീഖിനെ(58) കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പോലീസ് ആദ്യം എത്തിയത് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. അവിടുത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകവു മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. സിദ്ദീഖിന്റെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കവറിലാക്കിയാണ് ട്രോളി ബാഗിലാക്കിയത്. കാലുകള്‍ മുറിക്കാതെയും ബാഗില്‍ കയറ്റി.
പ്രതികളിലേക്കെത്തിച്ചത് ഷിബിലിയുടെ അറസ്റ്റ്
ഫര്‍ഹാനയുടെ അടുത്ത സുഹൃത്തായ ഷിബിലി പിടിയിലായതാണ് അന്വേഷണം പ്രതികളിലേക്ക് എത്തിച്ചത്. വല്ലപ്പുഴ സ്വദേശികളായ ഷിബിലിയെ വ്യാഴാഴ്ച വൈകുന്നേരം ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് മരിച്ചതോടെ അങ്കലാപ്പിലായ ഫര്‍ഹാന അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ആഷിഖിനെ വിളിച്ചുവരുത്തി. അബദ്ധം പറ്റി, എല്ലാം കുഴഞ്ഞുമറിഞ്ഞു, ഉടനെ ലോഡ്ജ് മുറിയില്‍ എത്തണമെന്ന് പറഞ്ഞു. ഉടനെ ആഷിക്ക് എത്തി. ട്രോളിബാഗു വാങ്ങി മൃതദേഹം അതിലാക്കാനും അട്ടപ്പാടിയില്‍ കൊക്കയില്‍ തള്ളാനും കൂടെനിന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ തൃശൂര്‍ ചെറുതുരുത്തിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഓഫീസിലേക്ക് മാറ്റി. ഒളവണ്ണയില്‍ സിദ്ദീഖിന്റെ ഹോട്ടലില്‍ ഷിബിലി ജോലിയില്‍ പ്രവേശിച്ചത് 15 ദിവസം മുമ്പാണെന്ന് ഹോട്ടലിലെ സഹപ്രവര്‍ത്തകര്‍. മോശം സ്വഭാവവും പെരുമാറ്റവും കാരണം ഹോട്ടലുടമ, പട്ടാമ്പി സ്വദേശിയായ ഷിബിലിയെ കൊടുക്കാനുള്ള പണമെല്ലാം കൊടുത്ത് പറഞ്ഞുവിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിബിലിയുടെ ഇടപാടുകലെല്ലാം തീര്‍ത്ത് ഒഴിവാക്കിയത്.
എന്നാല്‍, അന്ന് വൈകുന്നേരം മുതല്‍ ഹോട്ടല്‍ ഉടമ സിദ്ദീഖിനെ കാണാതായാതയാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. 'ഷിബിലിയുടെ പണം കൊടുത്ത് പറഞ്ഞുവിട്ട ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയതാണ് മുതലാളി. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് മുതലാളി കടയില്‍നിന്ന് പോയത്. പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന്'- ഹോട്ടല്‍ ജീവനക്കാരനായ യൂസഫ് പറഞ്ഞു. തന്റെ ജോലിക്കാരുമായി വളരെ നല്ല രീതിയില്‍ ഇടപെട്ടിരുന്നയാളാണ് സിദ്ദീഖ്. നാലു പേരാണ് ഹോട്ടലില്‍ ജോലി ചെയ്യുന്നത്. സിദ്ദീഖ് ഹോട്ടലിന് മുകളിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്.
ഹോട്ടല്‍ വ്യാപാരി സിദ്ദീഖിനെ കാണാനില്ലെന്ന് മകന്‍ നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ എ.ടി.എം ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങള്‍ പെട്ടെന്ന് എത്തിച്ചത്. ഹോട്ടലുടയുടെ ഫോണ്‍ സ്വിച്ച് ഓഫായ ശേഷവും എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയിലേക്കും പെണ്‍സുഹൃത്ത് ഫര്‍ഹാനയിലേക്കും പോലീസ് അന്വേഷണം എത്തിയത്. പോലീസ് കേസന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. നിര്‍ണായകമായ മറ്റു വിവരങ്ങളും ലഭിച്ചതായാണ് വിവരം.
മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി, മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്
രണ്ടു ട്രോളിബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടി ചുരത്തില്‍നിന്നു കൊക്കയില്‍ തള്ളിയ മൃതദേഹഭാഗങ്ങള്‍ വീണ്ടെടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.50 നാണു മലപ്പുറം എഎസ്പി ഷഹനാഷ, തിരൂര്‍ ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചത്. സിദ്ദീഖിന്റെ മൃതദേഹം മൂന്നു കഷണങ്ങളാക്കിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ നേര്‍ത്ത ആയുധമാണ് ഉപയോഗിച്ചെതെന്നാണു സൂചന. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണോ മുറിച്ചതെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു. ബലം പ്രയോഗിച്ചു കൊലപ്പെടുത്തിയതിനു സമാനമായ അടയാളങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. നെഞ്ചില്‍ ശക്തമായ ക്ഷതം ഏറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവയവങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷം അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കും. അഴുകിയ ശരീരഭാഗങ്ങളുടെ എക്‌സ്‌റേ പരിശോധനയ്ക്കു ശേഷം വൈകിട്ടു 4.20 നു തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി 7.30 നാണ് അവസാനിച്ചത്. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം ഡോ. സുജിത് ശ്രീനിവാസന്‍ നേതൃത്വം നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രി ഒന്‍പതോടെ തിരൂര്‍ കോരങ്ങത്ത് ജുമാ മസ്ജിദില്‍ കബറടക്കി.
റിയാദില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന സിദ്ദിഖ് അഞ്ചു വര്‍ഷം മുമ്പാണ് നാട്ടിലേക്കു വന്നത്. കോവിഡ് കാലത്താണ് കോഴിക്കോട് ഹോട്ടല്‍ തുടങ്ങിയത്. ഈ കെട്ടിടം 1990-ല്‍ സിദ്ദിഖ് വാങ്ങിയതായിരുന്നു. ഇവിടെ അഞ്ചു ജീവനക്കാരുണ്ട്. തന്റെ സ്വദേശമായ ഏഴൂര്‍ പി.സി. പടിയില്‍ രണ്ടു ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും ലാഭകരമല്ലാത്തതിനാല്‍ പൂട്ടുകയായിരുന്നു.
പ്രതികള്‍ അടുത്തത് പോക്‌സോ കേസിലൂടെ
ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയും തമ്മിലുള്ള ബന്ധം പോക്സോ കേസിലൂടെയെന്ന് പോലീസ് പറയുന്നു. ചളവറ സ്വദേശിനിയായ ഫര്‍ഹാന, വല്ലപ്പുഴ സ്വദേശിയായ ഷിബിലിക്കെതിരെ തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിരുന്നു. 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഫര്‍ഹാനയുടെ കുടുംബം ഷിബിലിയെ പ്രതിയാക്കി പരാതി നല്‍കിയത്. 2018-ല്‍ പാലക്കാട് ജില്ലയിലെ നെന്മാറയിലെ വഴിയരികില്‍ വച്ച് 13 വയസ്സുള്ളപ്പോള്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതില്‍ ഷിബിലിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൂടുതല്‍ സൗഹൃദത്തിലായതെന്നാണ് വിവരം. സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫര്‍ഹാനയുടെ സഹോദരന്‍ ചളവറയിലെ ഗഫൂറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലുടമ സിദ്ദീഖിനെ മൂവര്‍ സംഘം കൊലപ്പെടുത്തിയെന്നു കരുതുന്ന കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങളില്‍ ഗഫൂറും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.