LogoLoginKerala

കെ സുധാകരനെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു
 
k sudhakaran

കൊച്ചി- മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് ഈ മാസം 21 വരെ തടഞ്ഞ് ഹൈക്കോടതി. കെ സുധാകരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഹര്‍ജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനസരിച്ചേ പറയാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. സത്യസന്ധനാണെങ്കില്‍ അറസ്റ്റിന്റെ സാഹചര്യമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതോടെ ഹര്‍ജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റുകയായിരുന്നു.

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ പ്രതിയാക്കി ചോദ്യം ചെയ്യലിന് വിളിപ്പിച്ച ആദ്യ തീയതിയില്‍ സുധാകരന്‍ ഹാജരാകാന്‍ അസൗകര്യം അറിയിച്ചിരുന്നു. പിന്നീട് സുധാകരന്റെ കൂടി സമ്മതത്തോടെയാണ് 23ന് ചോദ്യം ചെയ്യല്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.