LogoLoginKerala

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങള്‍ ലോകായുക്ത അന്വേഷിക്കേണ്ടെന്ന് ഹൈക്കോടതി

 
highcourt

കൊച്ചി- രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരത്തെ പേമെന്റ് സീറ്റുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.  തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ. ഡോ. ജെ. ബെനറ്റ് എബ്രഹാമിന് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് പേയ്മെന്റ് സീറ്റ് ആരോപണം ഉയര്‍ന്നത്. ഈ വിഷയത്തില്‍ ഒരു സ്വകാര്യവ്യക്തിയുടെ പരാതിയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടുകയും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ സി.പി.ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും അത് ലോകായുക്ത അംഗീകരിച്ചില്ല. തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.