എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി, ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് വരും
ദേവികുളത്തെ സി പി എം എംഎല്‍എയായ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍ പെട്ട എ രാജയ്ക്ക് പട്ടികജാതി, പട്ടിക വര്‍ഗ സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ജസ്റ്റിസ് സോമരാജന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. പട്ടിക ജാതിയില്‍ പെട്ടയാളാണെന്ന് കാണിക്കുന്നതിന് രാജ ഹാജരാക്കിയത് വ്യാജരേഖകളാണെന്ന് വിശദമായ പരിശോധനയില്‍ കോടതിക്ക് ബോധ്യപ്പെട്ടു. കോടതി വിധിയോടെ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെ്ന്ന് ഉറപ്പായി.
പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
2021ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഫട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. എ രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.
നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ സി പി എമ്മിന്റെ അംഗത്തിന് അയോഗ്യത വന്നത് ഭരണപക്ഷത്തിന് തിരിച്ചടിയായി. ഉത്തരവ് വന്നശേഷം അദ്ദേഹം നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു. കോടതിവിധിക്കെതിരെ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എ രാജ പറഞ്ഞു.
വ്യാജരേഖ ഹാജരാക്കിയതിന് രാജക്കെതിരെ ക്രിമനല്‍ കേസും ഉണ്ടാകുമെന്നറിയുന്നു.