LogoLoginKerala

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ ഓടാമെന്ന് ഹൈക്കോടതി, കെ.എസ്.ആര്‍.ടി.സിക്ക് വന്‍ തിരിച്ചടി

 
Bus
കൊച്ചി - സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സാമ്പത്തിക പ്രയാസത്തില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഉത്തരവ് വലിയ തിരിച്ചടിയാകും. നിലവില്‍ ദീര്‍ഘദൂര റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി കുത്തകയാക്കി വെച്ചിരിക്കുകയാണ്. ഈ റൂട്ടുകളില്‍ നിന്നാണ് കെ.എസ്.ആര്‍.ടിസിയുടെ മുഖ്യ വരുമാനം. സ്വകാര്യ ബസുകള്‍ക്ക് ഈ റൂട്ടുകളില്‍ നിലവില്‍ ഉള്ള പെര്‍മിറ്റുകള്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റ് പുതുക്കുകയും ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 
140 കിലോമീറ്റർ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നൽകിയിരുന്നതാണ്. എന്നാൽ സ്വകാര്യ ബസുകളിൽ പലതും ദൂരം കണക്കാക്കാതെ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധ നടപടികൾ തുടർന്നതിനാൽ ബസുകളുടെ പെർമിറ്റ് പുതുക്കിയിരുന്നില്ല. ഇത്തരം ബസുകളുടെ വിവരങ്ങളും സമയവിവരപ്പട്ടികയും കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർമാർ ആർ.ടി.ഓഫീസുകളിൽനിന്ന് ശേഖരിച്ചിരുന്നു.ദൂരപരിധി ലംഘിച്ച് സർവീസ് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുകയും ബസ് സർവീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും.