LogoLoginKerala

ബ്രഹ്മപുരത്ത് ശക്തമായ ഇടപെടലുമായി ഹൈക്കോടതി

 
high court
ബ്രഹ്മപുരത്തെ ഭൂഗര്‍ഭജല സ്രോതസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കാന്‍ അമിക്യസ് ക്യൂറിമാര്‍. മാലന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് അറിയിക്കണം.

കൊച്ചി- ബ്രഹ്മപുരമടക്കം സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന് ശക്തമായ ഇടപെടലുമായി ഹൈക്കോടതി. മാലിന്യനിര്‍മാജനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തദ്ദേശ സെക്രട്ടറിമാരെ പഠിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഖരമാലിന്യ സംസ്‌കരണം നിയമം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. മൂന്ന് അഭിഭാഷകരെ ഇതിനായി അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും കോടതി വ്യക്തമാക്കി. എറണാകുളത്തിന് മാത്രമായി ഒരു അമിക്യസ് ക്യൂറി ഉണ്ടായിരിക്കും.
ബ്രഹ്മപുരം പ്രദേശത്തെ ഭൂഗര്‍ഭജല സാമ്പിളുകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ തന്നെ ആ ജോലികള്‍ തുടങ്ങണം. വെള്ളിയാഴ്ചയോടെ റിപ്പോര്‍ട്ട് ലഭിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ബ്രഹ്മപുരത്തെ ജനസ്രോതസുകള്‍ മലിനമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി. മാലിന്യങ്ങള്‍ വലിച്ചെറിയാനോ കൂട്ടിയിട്ട് കത്തിക്കാനോ അനുവദിക്കരുത്. ഇതിനായി ഒരു വിജ്ഞാപനം പുറപ്പെടുവിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണം. എടുക്കുന്ന നടപടികള്‍ കോടതി ഓഡിറ്റ് ചെയ്യും. ബ്രഹ്മപുരത്ത് മുമ്പും തീപിടുത്തമുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം മറച്ചുപിടിക്കുകയായിരുന്നു. ഇനി ഇത് അനുവദിക്കില്ല. കേസിന്റെ വാദം കേള്‍ക്കലിനിടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ച കോടതി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ കളക്ടറെക്കൊണ്ട് തന്നെ കോടതി വായിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കളക്ടര്‍ ഹാജരായത്.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശോനീയാവസ്ഥ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യങ്ങളില്ലെന്നും മാലിന്യ സംസ്‌കരണം ബ്രഹ്മപുരത്ത് നടക്കുന്നില്ലെന്നും നിരീക്ഷണ സമിതി ഹൈക്കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണ്. അവ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ബയോ മൈനിങ്ങിനുള്ള മതിയായ ഉപകരണങ്ങള്‍ ഇല്ലെന്നും നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബയോ മൈനിങ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബ്രഹ്്മപുരത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. പ്ലാന്റില്‍ മതിയായ സിസിടിവി സംവിധാനങ്ങളോ അഗ്നിശമന സൗകര്യങ്ങളോ ഇല്ല. ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കേണ്ടതാണെന്നും വന്‍തോതില്‍ ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യനങ്ങള്‍ സംസ്‌കരിക്കാതെ കുന്നുകൂടിക്കിടക്കുകയാണെന്നും ഇത് ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബ്രഹ്മപുരത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരീക്ഷണ സമിതി പുതിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് നിരീക്ഷിക്കാന്‍ മൂന്നംഗം സമിതിയെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്.