LogoLoginKerala

ദുരിതാശ്വാസനിധി കേസ്; ലോകായുക്ത വിധിയില്‍ ഹൈക്കോടതി ഇടപെട്ടില്ല

 
lokayuktha

കൊച്ചി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ജൂണ്‍ ഏഴിലേക്കു മാറ്റി. ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ 6നാണ് കേസ് പരിഗണിക്കുന്നത്.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിര്‍കക്ഷകളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍.എസ്.ശശികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട് വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതാണെന്നും വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നുമാണ് ശശികുമാറിന്റെ വാദം. ലോകായുക്ത ഈ വാദം തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ പത്രസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് ലോകായുക്ത പ്രസ്താവനയിറക്കി വ്യക്തത വരുത്തുകയും ചെയ്തിരുന്നു. 

എന്‍സിപി നേതാവായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയതും ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.