ഡോക്ടർമാർക്ക് രക്ഷയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂ : രൂക്ഷ വിമർശനവുമായി ഹൈക്കോടതി
May 10, 2023, 17:06 IST
കൊച്ചി - ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്ന് ഹൈക്കോടതി. പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ രാവിലെ കോടതിക്കു വിശദീകരണം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആശുപത്രി സന്ദർശിച്ചു ഹൈക്കോടതിക്കു റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. അതിദാരുണമായ സംഭവമാണ് നടന്നത്. ഇത്തരം സംഭവം നടക്കാതെ നോക്കേണ്ട ബാധ്യത പൊലീസിന് ഉണ്ടായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. 5 പൊലീസുകാർ ഉണ്ടായിരുന്നിട്ടും തടയാനായില്ല. വനിതാ ഡോക്ടറെ അടക്കം സ്ത്രീകൾക്ക് സംരക്ഷണം നൽകാനെങ്കിലും പൊലീസിനു കഴിയണമായിരുന്നെന്നും കോടതി പറഞ്ഞു. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പോലീസ് എന്ത് ചെയ്യുകയായിരുന്നു? ആശുപത്രിയിലേക്ക് പ്രതിയെ എത്തിച്ചത് പോലീസാണ്. പോലീസിന് പെരുമാറ്റം മനസ്സിലാക്കാന്‍ കഴിയണം. പരിശീലനം ലഭിച്ച സേനയുടെ ചുമതല പിന്നെയെന്താണെന്നും കോടതി ചോദിച്ചു. ഒരു ഡോക്ടര്‍ക്ക് മുന്നിലേക്ക് ഇയാളെ ഇട്ടുകൊടുക്കുകയാണ് ചെയ്തത്. പലരേയും അക്രമിച്ച ശേഷം ഒടുവിലാണ് ഡോക്ടര്‍ വന്ദന ദാസിനെ അക്രമിച്ചത്. അത്രയും സമയം അത് തടയാതെ എന്തായിരുന്നു പോലീസിന്റെ ജോലിയെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി.
ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടർ വന്ദന നമ്മുടെ മകളെന്നും കോടതി പറഞ്ഞു.
നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കും